തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. സുകുമാരക്കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലേക്കാണ് കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം എത്തിയത്.
ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട് സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. ഹൃദ്രോഗം കാരണം കുറുപ്പ് വർഷങ്ങൾക്ക് മുൻപ് മരിച്ചിരിക്കാമെന്നാണ് നിഗമനം. ഇതുസംബന്ധിച്ച റിപ്പോർട് ക്രൈം ബ്രാഞ്ച് മേധാവിക്ക് അന്വേഷണ സംഘം വൈകാതെ നൽകും.
ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം മൂന്നുമാസം മുൻപാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലയ്‌ക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ട ഏക മലയാളിയും ജാർഖണ്ഡിൽ നഴ്‌സുമായിരുന്ന ആലപ്പുഴക്കാരി രത്‌നമ്മയുടെ മൊഴിയാണ് അന്വേഷണ സംഘത്തിന് നിർണായകമായത്.
ആ സമയം ഏകദേശം 40 വയസായിരുന്നു കുറുപ്പിന് ഉണ്ടായിരുന്നത്. ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വർഷം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കുറുപ്പിന്റെ ഭാര്യ ഉൾപ്പടെയുള്ളവർക്കും അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തി. ഇതിന്റെയെല്ലാം അടിസ്‌ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നത്.
1984 ജനുവരി 21നാണ് നാടിനെ നടുക്കിയ ചാക്കോ വധം നടക്കുന്നത്. അബുദാബിയിൽ താൻ ജോലി ചെയ്‌തിരുന്ന കമ്പനിയിൽ നിന്നും ഏകദേശം 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി സുകുമാരക്കുറുപ്പ് ആവിഷ്‌കരിച്ച കൊലപാതകമായിരുന്നു ഇത്.
തന്റെ ശരീരത്തോട് സാമ്യമുള്ള ഒരു മൃതദേഹം കാറിലിട്ട് കത്തിച്ച് താൻ മരിച്ചുവെന്ന് ലോകത്തെ വിശ്വസിപ്പിക്കാനായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. ഇതിനായി കരുവാറ്റയിൽ വെച്ച് ലിഫ്റ്റ് ചോദിച്ച ചാക്കോയെ കാറിൽ കയറ്റുകയും ഈതർ കലർത്തിയ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു.
ശേഷം ചാക്കോയുടെ മൃതദേഹം കുറുപ്പിന്റെ വസ്‌ത്രങ്ങൾ ധരിപ്പിച്ച് നെൽപ്പാടത്തിന് അടുത്തുവെച്ച് കാറിനുള്ളിലിട്ട് കത്തിച്ചു. എന്നാൽ സംഭവ സ്‌ഥലത്ത് നിന്ന് ലഭിച്ച ഒരു ഗ്ളാസ് ആണ് പോലീസിനെ കൊലപാതകത്തിന്റെ സൂചനകളിലേക്ക് നയിച്ചത്. കുറുപ്പിന്റെ സഹായികളായ ഭാസ്‌കരപിള്ള, പൊന്നപ്പൻ, ഷാഹു എന്നിവരെ ദിവസങ്ങൾക്കകം പോലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതിയായ കുറുപ്പ് അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി






































