ബെംഗളൂരു: കർണാടകയിൽ ഡികെ ശിവകുമാർ സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ ഇയാൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചിരുന്നു.
നേരത്തെ സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗ വികസന വകുപ്പ് മന്ത്രിയായിരുന്ന നാഗേന്ദ്ര, വാൽമീകി കോർപ്പറേഷൻ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് 2024 ജൂണിൽ രാജിവെച്ചിരുന്നു. എന്നാൽ, പിന്നീട് നടന്ന മന്ത്രിസഭാ പുനഃസംഘടനയിലൂടെ ഇയാളെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രിയായി വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
അഴിമതിക്കേസിൽ ആരോപണ വിധേയനായ ഒരു വ്യക്തിയെ വീണ്ടും മന്ത്രിയാക്കിയ കോൺഗ്രസ് തീരുമാനത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കേസിൽ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സിബിഐ കർണാടക ഗവർണറോട് അനുമതി തേടിയിരുന്നു. ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകാൻ സന്നദ്ധനായി നിൽക്കെയാണ്, അപ്രതീക്ഷിത രാജി. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്.
Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!






































