തൃശൂർ ടൈറ്റൻസിനെ വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്; ഒരു റണ്ണിന്റെ നാടകീയ ജയം

അവസാന പന്തുവരെ നീണ്ട മൽസരത്തിൽ, ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 19.1 ഓവറിൽ 171 റൺസിന് ഓൾ ഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ തൃശൂരിന് 20 ഓവറിൽ 170 റൺസെടുത്ത്  പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

By Senior Reporter, Malabar News
Kochi Blue Tigers Won by one run
Image source: Kochi Blue Tigers | Cropped by Team MN

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെ ഒരു റണ്ണിന് വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സിന് നാടകീയ ജയം. അവസാന പന്തുവരെ നീണ്ട മൽസരത്തിൽ, ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 19.1 ഓവറിൽ 171 റൺസിന് ഓൾ ഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ തൃശൂരിന് 20 ഓവറിൽ 170 റൺസെടുത്ത്  പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാന്‍ ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം ‘യൂണിവേഴ്‌സൽ ബോസ്’ ക്രിസ് ഗെയ്ൽ ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു. കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ കൊച്ചി ബ്ളൂ ടൈഗേഴ്‌സിന്, ഗാലറിയിലെ ആരാധക പിന്തുണക്കൊപ്പം ഗെയ്‌ലിന്റെ സാന്നിധ്യം കൂടി ലഭിച്ചതോടെ മൽസരം ആവേശക്കൊടുമുടിയിലേറി.

എങ്കിലും, തുടരെയുള്ള അഞ്ച് പരാജയങ്ങൾക്ക് ശേഷമാണ് കൊച്ചി വിജയവഴിയിൽ തിരിച്ചെത്തിയത്. നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ കാർത്തിക് ബി നായരാണ് പ്ളെയർ ഓഫ് ദ് മാച്ച്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ പത്ത് റൺസെടുത്ത വിപുൽ ശക്‌തിയുടെ വിക്കറ്റ് കൊച്ചിക്ക് നഷ്‌ടമായത് തുടക്കത്തിൽ മൽസരത്തിന്റെ ആവേശം തല്ലിക്കെടുത്തി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും വിനൂപ് മനോഹരനും അധികനേരം പിടിച്ചുനിൽക്കാനായില്ല.

26 റൺസെടുത്ത വിനൂപിന് പിന്നാലെ മുഹമ്മദ് ഷാനുവും (12) സാലി സാംസണും (10) കൂടി മടങ്ങിയതോടെ നാല് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്ന കൊച്ചിയെ, മധ്യനിരയിൽ മനുകൃഷ്‌ണനും സച്ചിൻ സുരേഷും ചേർന്ന് പടുത്തുയർത്തിയ തകർപ്പൻ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. ഇരുവരും അനായാസം സ്‌കോർ ഉയർത്തുകയായിരുന്നു. വെറും 41 പന്തുകളിൽ നിന്ന് 90 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്.

50 റൺസെടുത്ത മനുകൃഷ്‌ണനെ പുറത്താക്കി ശരത് ചന്ദ്രപ്രസാദാണ് വിക്കറ്റ് വേട്ടയ്‌ക്ക് വീണ്ടും തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ സച്ചിൻ സുരേഷിനെയും (46) ആൽഫി ഫ്രാൻസിസിനെയും (2) പുറത്താക്കി അബ്‍ദുൾ റമീസും ആഞ്ഞടിച്ചു. അടുത്ത ഓവറിൽ തുടരെയുള്ള പന്തുകളിൽ ബേസിൽ തമ്പിയെയും കാർത്തിക് ബി നായരെയും പുറത്താക്കി ശരത് കൊച്ചിയെ സമ്മർദ്ദത്തിലാക്കി.

അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് ആഷിക്കിനെ പുറത്താക്കി റമീസ് കൊച്ചിയുടെ ഇന്നിങ്സിന് അവസാനമിട്ടു. തൃശൂരിന് വേണ്ടി ശരത് നാലും റമീസ് മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് തുടക്കം തന്നെ തിരിച്ചടിയായിരുന്നു.

ഓപ്പണർമാരായ സഞ്‌ജീവ്‌ സതീശനും (10), അഹ്‌മദ്‌ ഇമ്രാനും (5) വേഗത്തിൽ മടങ്ങിയത് ടീമിനെ പിടിച്ചുകുലുക്കി. എന്നാൽ, ഷോൺ റോജറും നിഖിൽ തോട്ടത്തും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ തൃശൂരിന് 46 റൺസ് പിറന്നു. 31 റൺസെടുത്ത നിഖിലിനെ പുറത്താക്കി കാർത്തിക് ബി നായരാണ് ഈ കൂട്ടുകെട്ടിനെ തകർത്തത്.

പിന്നീട് ഷോണും എകെ അർജുനും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. തൊട്ടടുത്ത ഓവറിൽ എകെ അർജുൻ (32) കൂടി പുറത്തായതോടെ തൃശൂർ തോൽവി ഉറപ്പിച്ചെന്ന് കരുതിയ ഘട്ടത്തിലാണ് ക്യാപ്റ്റൻ എംഎസ് അഖിലും എസ്എസ് ഷാരോണും ചേർന്ന് ടീമിന്റെ തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. 15 റൺസെടുത്ത അഖിൽ പുറത്തായെങ്കിലും ഷാരോൺ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ മൽസരം അവസാന ഓവറിലേക്ക് കടന്നു.

എന്നാൽ, തൊട്ടടുത്ത പന്തിൽ ഷാരോണിനെ പുറത്താക്കി ആഷിക് കളി കൊച്ചിയുടെ വരുതിയിലാക്കി. തൃശൂരിന്റെ മറുപടി 170ൽ അവസാനിച്ചപ്പോൾ കൊച്ചിക്ക് ഒരു റണ്ണിന്റെ നാടകീയ ജയം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഉച്ചക്ക് 2.30നാണ് മൽസരം ആരംഭിച്ചത്.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE