കോഴിക്കോട്: ചേവായൂരിൽ ഇന്ന് പുലർച്ചെ കാർ കത്തി മധ്യവയസ്‌കനായ വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. കത്തിയ കാറിനരികിൽ നിന്നും പെട്രോൾ കന്നാസ് കണ്ടെത്തി.
ഇന്ന് പുലർച്ചെ 4 മണിക്കും 4.30നും ഇടയിലാണ് ചേവായൂർ മഠത്തിൽ മുക്കിൽ വെച്ച് കാർ കത്തി ചേവായൂർ സ്വദേശിയും വാഹന-വസ്‌തു ഇടപാട് വ്യാപാരിയുമായ സിപി സുധാകരൻ മരിച്ചത്. കാർ ഒരു മതിലിൽ ഇടിക്കുകയും ആ ആഘാതത്തിൽ തീപ്പിടിക്കുകയും ചെയ്‌തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
പൂർണമായും കത്തിനശിച്ച വാഹനത്തിനുള്ളിൽ വെന്തുമരിച്ച നിലയിലാണ് സുധാകരന്റെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന വാഹനത്തിന് സമീപത്ത് നിന്ന് അഞ്ച് ലിറ്റർ കൊള്ളുന്ന ഒരു പെട്രോൾ കന്നാസ് ലഭിച്ചതായാണ് മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്.
ഈ കന്നാസിൽ ഇന്ധനം ഉണ്ടായിരുന്നുവെന്ന പ്രാഥമിക വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ സംഭവം ആത്‍മഹത്യ ആണോ കൊലപാതകമാണോ എന്ന സംശയത്തിലാണ് പോലീസ്.
സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി ഫൊറൻസിക് വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read| കാപ്പാട് വിരുന്നെത്തി ഇളംപാറക്കുരുവി; ഇന്ത്യയിൽ എത്തുന്നത് അപൂർവം



































