തിരുവനന്തപുരം: മാസപ്പടിക്കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി കത്തയച്ചു.
അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡിയുടെ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും വിവരങ്ങളും ഉൾപ്പെടുത്തി പിഎംഎൽഎ ആക്ട് (പണം വെളുപ്പിക്കൽ നിരോധന നിയമം) സെക്ഷൻ 66(2) പ്രകാരമാണ് ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ വിജിലൻസിന് മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകാൻ മുതിർന്നത്.
വളരെ ഗുരുതരമായ കാര്യങ്ങളാണ് ഇഡി റിപ്പോർട്ടിലുള്ളത്. പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെളിവുകൾ സഹിതമാണ് ഇഡി കത്ത് നൽകിയത്. പ്രതികളിൽ ഓരോരുത്തർക്കും കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം 25 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയെന്നും ആ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബായിലേക്ക് അയച്ചുവെന്നും റിപ്പോർട്ടിലുണ്ട്. കൈക്കൂലി വാങ്ങാനും അത് മറ്റിടങ്ങളിലേക്ക് അയക്കാനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വീണ സഹായിച്ചു. സിഎംആർഎൽ എംഡി എസ്എൻ ശശിധരൻ കർത്തയാണ് കൈക്കൂലി നൽകിയത്. ഇതിന് പി. സുരേഷ് കുമാർ കൂട്ടുനിന്നു.
എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് കൈക്കൂലിപ്പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. ഷൈജൽ മുഹമ്മദ്, പി നിഖിൽ, ഹസൻ വാരിസ്, വിപി ഫൈജാസ്, എം നന്ദുലാൽ തുടങ്ങിയവരാണ് കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കോടികളുടെ ഹവാല ഇടപാട് നടന്നുവെന്നും ഇതിന്റെ വിവരങ്ങൾ വീണ എഴുതിയ കുറിപ്പിൽ നിന്ന് ലഭിച്ചുവെന്നും ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയുമായി ഇഡി പോലീസ് മേധാവിക്ക് കത്തയച്ചിരിക്കുന്നത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































