തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎൽഎംഎ നിയമപ്രകാരം കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പോലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
അന്വേഷണം നേരിടുന്നവരിൽ പണമിടപാട് ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധന. കേസിലെ ഗൂഢാലോചനയും അന്വേഷിക്കും. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന നേതാക്കൾക്ക് എതിരെയും അന്വേഷണം ഉണ്ടാകും. വധശ്രമക്കേസിൽ പിഎംഎൽഎ ചുമത്തുന്നത് ഇതാദ്യമാണ്.
സിഎംആർഎൽ- എക്സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
മേയ് 27നായിരുന്നു പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഉൾപ്പടെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയത്. എട്ടുമണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരുടെ കാറാണ് ആക്രമിച്ചത്. സംഭവത്തിൽ 27 പേരെ ആണ് പോലീസ് പ്രതിചേർത്തിരുന്നത്.
അതേസമയം, സിഎംആർഎൽ-എക്സാലോജിക്ക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇഡി നിർദ്ദേശത്തിൽ സർക്കാർ തീരുമാനം വൈകിയേക്കും. വിശദമായ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുത്താൽ മതിയെന്നാണ് ധാരണ.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം




































