‘ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപി ഭരിക്കുന്ന 21 സംസ്‌ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം.

By Senior Reporter, Malabar News
Amit-shah

ന്യൂഡെൽഹി: ബിജെപി ഭരിക്കുന്ന 21 സംസ്‌ഥാനങ്ങളിൽ 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം.

ഇതിനകം ചില സംസ്‌ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിട്ടുണ്ടെന്നും വൈകാതെ മറ്റുള്ള എൻഡിഎ ഭരണ പ്രദേശങ്ങളിലും ഇവ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയിലടക്കം ഒറ്റ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

ഭാരതീയ ന്യായ സംഹിതയിലൂടെ നീതി നിർവഹണ സംവിധാനത്തെ ശക്‌തിപ്പെടുത്തിയെന്ന് അമിത് ഷാ പറഞ്ഞു. ഒരൊറ്റ വർഷത്തിനുള്ളിൽ പല സംസ്‌ഥാനങ്ങളിലും ശിക്ഷാ നിരക്കിൽ 30% വർധനവ് രേഖപ്പെടുത്തി. കേസുകളിൽ മൂന്ന് വർഷത്തിനകം നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനം ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പതിറ്റാണ്ട് നീണ്ട നക്‌സലിസത്തിന് സർക്കാർ അന്ത്യം കുറിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ 14ലധികം സമാധാന കരാറുകളിൽ ഒപ്പുവെച്ചു. ഒമ്പതിനായിരത്തിലധികം ആളുകൾ കീഴടങ്ങി. വടക്കുകിഴക്കൻ മേഖലയെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു. രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കും. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നയം സ്വീകരിച്ചതായും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുജീവിതത്തിലെ 25 വർഷത്തെ സേവനം പ്രമാണിച്ചു സെപ്‌തംബർ 17 മുതൽ ഒക്‌ടോബർ 17 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ രാജ്യവ്യാപകമായി സംഘടിപ്പിക്കും. 2014ൽ പ്രധാനമന്ത്രി ആയതിനുശേഷം ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവർത്തിച്ച പ്രധാന സേവകനാണ് മോദി എന്ന് അമിത് ഷാ പറഞ്ഞു. ഇത്തരത്തിൽ നീണ്ടകാലം സേവനമനുഷ്‌ഠിച്ച നേതാക്കൾ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE