മലപ്പുറം: അപ്രതീക്ഷിത മഴയിൽ മുങ്ങി കേരളം. ഇന്നലെയാണ് മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിച്ചത്. അതിനിടെ, നിലമ്പൂർ അമരമ്പലം ടികെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
രണ്ടുപേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കാണാതായിട്ടുണ്ടെന്നാണ് വിവരം. ടികെ നഗർ വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിതയെയാണ് കാണാതായത്. കൂടുതൽപ്പേർ ഒഴുക്കിൽപ്പെട്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ കണ്ടെടുത്തത്. മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ്, തിരൂർ സ്വദേശി അഹമ്മദ് കുട്ടി എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം രാത്രി കണ്ടെത്തിയിരുന്നു.
ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവ സമയത്ത് പുഴയിലോ പരിസരത്തോ മഴ ഉണ്ടായിരുന്നില്ല, നിരവധി വിനോദസഞ്ചാരികൾ പുഴയിൽ ഉണ്ടായിരുന്ന സമയത്ത് അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിക്കുകയായിരുന്നു. ക്രമാതീതമായി വെള്ളം ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലിലാണ് കുറേപ്പേരുടെ ജീവൻ രക്ഷിക്കാനായത്.
ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രിയാത്രാ നിരോധനം
കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയുമുള്ള ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. വൈകീട്ട് ഏഴുമുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. അലർട്ടുകൾ പിൻവലിക്കുന്നതുവരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദ്ദേശം നൽകി. മൂന്നാറിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നേര്യമംഗലം- വാളറ റോഡിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു.
ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































