അഞ്ചാംപനി വ്യാപനം; മലപ്പുറത്ത് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിൽ വീഴ്‌ച

കുട്ടികളിൽ 95% പേർക്കും വാക്‌സിൻ നൽകണമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഒരു പ്രദേശത്തെ ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്‌സിൻ എടുത്തവരാണെങ്കിൽ പിന്നീട് അഞ്ചാംപനി പൊട്ടിപുറപ്പെടുകയില്ല എന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.

By Senior Reporter, Malabar News
measles vaccine
Representational Image

മലപ്പുറം: ജില്ലയിൽ അഞ്ചാംപനി കേസിൽ ദിവസേന വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ രണ്ടുമരണമാണ് ജില്ലയിൽ റിപ്പോർട് ചെയ്‌തത്‌. ബുധനാഴ്‌ച ഒന്നരവയസുകാരനും ഇക്കഴിഞ്ഞ 15ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള കുട്ടിയും രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗബാധിതരുടെ എണ്ണവും വർധിക്കുന്നുണ്ട്.

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗമായ അഞ്ചാംപനി പ്രായമായവരെ ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. എല്ലാവർഷവും ജില്ലയിൽ രോഗം സ്‌ഥിരീകരിക്കുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിൽ ആളുകൾ വിമുഖത കാട്ടുന്നതാണ് രോഗവ്യാപനത്തിന് കാരണം.

കഴിഞ്ഞ മൂന്ന് വർഷമായി മൂന്നിലൊന്ന് കുട്ടികൾക്കും അഞ്ചാംപനിക്കെതിരായ കുത്തിവയ്‌പ്പ് പൂർണമായി എടുക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 9ആം മാസത്തിലും 15ആം മാസത്തിലുമാണ് (ഒന്നേകാൽ വയസ്) എംആർ വാക്‌സിൻ നൽകേണ്ടത്. കഴിഞ്ഞ വർഷവും (2025-26) 2023-2024ലും 37% കുട്ടികൾക്കും രണ്ടു ഡോസുകൾ നൽകിയിട്ടില്ല. 2024-25ലാകട്ടെ 39% കുട്ടികൾക്കാണ് വാക്‌സിൻ പൂർണമായും നൽകാത്തതെന്നും കണക്ക് വ്യക്‌തമാക്കുന്നു.

കുട്ടികളിൽ 95% പേർക്കും വാക്‌സിൻ നൽകണമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷത്തെ സ്‌ഥിതിയും മറിച്ചല്ല. 2021-22 കാലത്ത് 91% കുട്ടികൾക്ക് ആദ്യ ഡോസ് നൽകിയതാണ് ഉയർന്ന നേട്ടം. എന്നാൽ, ആ വർഷം 79% കുട്ടികൾക്ക് മാത്രമേ രണ്ടാം ഡോസ് നൽകാനായുള്ളൂ.

2022-23ൽ 89% ആദ്യ ഡോസും 81% രണ്ടാം ഡോസും എടുത്തു. 2023-24ൽ 88% ആദ്യ ഡോസ് എടുത്തപ്പോൾ രണ്ടാം ഡോസ് വെറും 63% കുട്ടികൾക്കാണ് നൽകിയത്. 2024-25ൽ ആദ്യ ഡോസ് 81%, രണ്ടാം ഡോസ് 61%, 2025-26ൽ ആദ്യ ഡോസ് 80%, രണ്ടാം ഡോസ് 63% എന്നിങ്ങനെയാണ് വാക്‌സിൻ എടുത്തവരുടെ കണക്ക്. വാക്‌സിൻ പൂർണമായും എടുക്കാത്തവരിലാണ് രോഗം ഗുരുതരമാകുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

വേങ്ങര, താനൂർ, മലപ്പുറം, അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രദേശങ്ങളിൽ 40 ശതമാനത്തിലേറെ കുട്ടികൾക്കാണ് രണ്ട് വാക്‌സിനും നൽകാത്തത്. ഈ വിവരം ഞെട്ടിക്കുന്നതാണ്. ജില്ലയിൽ വളവന്നൂർ, കുറ്റിപ്പുറം, വേങ്ങര, പൂക്കോട്ടൂർ മേഖലകളിലാണ് അഞ്ചാംപനി കൂടുതലായി ഇപ്പോൾ പടരുന്നത്.

രോഗം തടയാം വാക്‌സിനിലൂടെ

അഞ്ചാംപനിയെ വളരെ ഫലപ്രദമായി തടയുന്ന ഒരു വാക്‌സിനാണ് മീസിൽസ് വാക്‌സിൻ. 9 മാസം പ്രായമായ 85% കുട്ടികൾക്കും 12 മാസത്തിലധികം പ്രായമായ 95% കുട്ടികൾക്കും ഒരു ഡോസിന് ശേഷം അഞ്ചാംപനിക്കെതിരെ പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നാമത്തെ ഡോസിൽ പ്രതിരോധശേഷി പുരോഗമിക്കാത്ത എല്ലാവരിലും രണ്ടാമത്തെ ഡോസോടുകൂടി പ്രതിരോധശേഷി ഉണ്ടാകുന്നതാണ്.

ഒരു പ്രദേശത്തെ ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്‌സിൻ എടുത്തവരാണെങ്കിൽ പിന്നീട് അഞ്ചാംപനി പൊട്ടിപുറപ്പെടുകയില്ല. എന്നിരുന്നാലും വാക്‌സിൻ നൽകുന്നതിന്റെ തോത് കുറഞ്ഞാൽ അത് വീണ്ടും ഉടലെടുക്കാൻ സാധ്യതയുണ്ട്. വാക്‌സിന്റെ ഫലപ്രാപ്‌തി വളരെ വർഷങ്ങൾ നിലനിൽക്കും. കാലങ്ങൾക്കുശേഷം പ്രതിരോധശേഷി കുറയുന്നതായി വ്യക്‌തമല്ല. അഞ്ചാം പനി വന്ന് ഒന്നു രണ്ടു ദിവസത്തിനകം വാക്‌സിൻ നൽകിയാലും രോഗത്തിൽ നിന്ന് രക്ഷ നേടാം.

Related News| മലപ്പുറത്ത് അഞ്ചാംപനി വ്യാപനം; ഒരാഴ്‌ചയ്‌ക്കിടെ രണ്ടുമരണം, ജാഗ്രത വേണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE