കിഫ്‌ബി ഖജനാവ് തകർത്തു, കൊള്ളയടിച്ചവരെ വെറുതെ വിടില്ല; മുഖ്യമന്ത്രി

കിഫ്‌ബി പദ്ധതികൾ സ്‌തംഭിച്ചതിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

By Senior Reporter, Malabar News
CM VD Satheesan- Kerala Assembly Session
(Image Courtesy: VD Satheesan FB Page)

തിരുവനന്തപുരം: കിഫ്ബിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. കേരളത്തിന്റെ ധനസ്‌ഥിതി കിഫ്‌ബി തകർത്ത് തരിപ്പണമാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു, ഖജനാവ് കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്‌ബി പദ്ധതികൾ സ്‌തംഭിച്ചതിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കിഫ്‌ബി പദ്ധതികൾ അട്ടിമറിക്കപ്പെട്ടെന്ന ആരോപണം അടിസ്‌ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 25,000 കോടി രൂപയുടെ പണി പൂർത്തിയായിട്ടുണ്ട്. ഭൂമി ഏറ്റെടുത്തതോ എഗ്രിമെന്റ് വെച്ചതോ ആയ പദ്ധതികളിൽ നിന്ന് സർക്കാർ പിൻമാറില്ല. ഇതിന് 70,000 കോടി രൂപ വേണം. വീണ്ടും കടമെടുത്താൽ അത് സംസ്‌ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വരുമാനം ഉണ്ടാക്കാനുള്ള ഒരു പദ്ധതിയും കിഫ്ബിക്ക് കീഴിലില്ല. കിഫ്ബിയിൽ നിന്ന് വായ്‌പ എടുത്താൽ മുഴുവൻ ബാധ്യതയും സർക്കാറിനായിരിക്കും. സർക്കാരിന്റെ വായ്‌പാ പരിധി കുറഞ്ഞിരിക്കുകയാണ്. കിഫ്ബിയിലെ ബാധ്യതകൊണ്ടാണ് കടമെടുപ്പ് പരിധി പകുതിയായി കുറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനസ്‌ഥിതിയെ തകർത്ത തരിപ്പണമാക്കിയതിൽ കിഫ്‌ബിക്ക് വലിയ പങ്കുണ്ട്. ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. ഇതിൽ അന്വേഷണം നടക്കുമെന്നും ഉത്തരവാദിത്തപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരുടെ നികുതി കൊള്ളയടിച്ചിട്ടാണ് കിഫ്‌ബി തകർത്തു എന്ന് ആരോപിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ, മലയോര ഹൈവേയും നാഷണൽ ഹൈവേയും തീരദേശ ഹൈവേയും സാധ്യമായത് കിഫ്ബിയിലൂടെയാണെന്ന് കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തിരുന്ന് ചിരിക്കുന്നവർക്ക് മലയോരത്തുനിന്ന് വരാൻ എട്ടുമണിക്കൂർ എടുത്തിരുന്നത് ഇപ്പോൾ അഞ്ച് മണിക്കൂർ മതി. ഇപ്പോൾ ഇവിടെയിരുന്ന് ചിരിക്കുന്ന എംഎൽഎമാർ മലയോര മേഖലയിൽ നിന്ന് എട്ടുമണിക്കൂർ നേരത്തെ വന്നാണ് ചിരിക്കുന്നത്.

മലയോര മേഖലയിലെ റോഡുകളും വയനാട്ടിലെ തുരങ്കപാതയും കിഫ്ബിയിലൂടെ സാധ്യമായതാണ്. ഒരു രാഷ്‌ട്രീയ വ്യത്യാസമില്ലാതെയാണ് പദ്ധതികൾ അനുവദിച്ചത്. എന്നാൽ, മുഖ്യമന്ത്രി കിഫ്ബിയെ ചതുർഥിയായി കണ്ടുവെന്നും ബാലഗോപാൽ പറഞ്ഞു. കിഫ്ബിക്കുവേണ്ടിയുള്ള കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെ ന്യായീകരിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകിയത്.

Most Read| ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം; പാക്ക് മന്ത്രിക്ക് ഇന്ത്യയിലേക്ക് ക്ഷണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE