ന്യൂഡെൽഹി: ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പോസ്‌റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി പ്രസിഡണ്ടിനും ഭാരവാഹികൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. സിവിലായും, ക്രിമിനലായും കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ കെപിസിസി ഭാരവാഹികളോട് കോടതി നിർദ്ദേശിച്ചു.
കോടതിയുടെ അധികാരത്തെയും അന്തസിനെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നടപടികളെ ശക്‌തമായി നേരിടുമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. കെപിസിസിക്ക് എതിരായ ഹരജിയിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. കേസിൽ ഹാജരാകാൻ അറ്റോർണി ജനറലിനോടും സുപ്രീം കോടതി നിർദ്ദേശിച്ചു.
കേസ് പരിഗണിച്ച വേളയിൽ കെപിസിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും സുപ്രീം കോടതി അത് സ്വീകരിക്കാൻ തയ്യാറായില്ല. ആദ്യം പരസ്യമായി താറടിച്ച് കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക എന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളതെന്ന് കോടതി രൂക്ഷമായി ആരാഞ്ഞു.
ചീഫ് ജസ്‌റ്റിസിനെയും നീതിന്യായ വ്യവസ്‌ഥയെയും തരംതാഴ്‌ത്താൻ ബോധപൂർവമായ ശ്രമം നടന്നതായാണ് കോടതി വിലയിരുത്തുന്നത്. ഒക്‌ടോബർ 12നാണ് കെപിസിസിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ചീഫ് ജസ്‌റ്റിസിനെതിരെയുള്ള വിവാദ പോസ്‌റ്റ് വന്നത്.
”പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്‌ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കിൽ ഇപ്പോൾ തന്നെ രാജിവെക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം” എന്നായിരുന്നു പോസ്‌റ്റ്. എന്നാൽ, പോസ്‌റ്റ് പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ തന്നെ നീക്കം ചെയ്‌തെങ്കിലും മിനിറ്റുകൾക്കുള്ളിൽ പോസ്‌റ്റ് വൈറലായി.
Most Read| ബാർ ലൈസൻസ് വിവാദം; എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ മാറ്റി




































