മോഷ്ടാക്കളെ ഭയന്ന് ഭാര്യ ഒളിപ്പിച്ചുവെച്ച സ്വർണം പ്ളാസ്റ്റിക് മാലിന്യത്തിനൊപ്പം ഭർത്താവ് ഹരിതകർമ സേനയ്ക്ക് കൈമാറി. കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ പാറയ്ക്കൽ വിജയമ്മയുടെ വീട്ടിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾക്ക് ഒപ്പമാണ് മംഗര വാർഡ് ഹരിതകർമ സേനാംഗങ്ങളായ അരുണകുമാരിക്കും ജി. ഗീതുവിനും സ്വർണം ലഭിച്ചത്.
വിജയമ്മ സ്വർണം വെച്ചതറിയാതെയാണ് ഭർത്താവ് ശിവദാസൻ ഇതെടുത്തുകൊടുത്തത്. താലിമാലയും രണ്ട് വളകളും ഒരു മോതിരവുമാണ് ഉണ്ടായിരുന്നത്. വിജയമ്മ മോഷ്ടാക്കളെ ഭയന്ന് പഴ്സിലാക്കി സ്വർണം പ്ളാസ്റ്റിക് ശേഖരത്തിൽ ഒളിപ്പിച്ചു വെച്ചതായിരുന്നു. ശിവദാസൻ പ്ളാസ്റ്റിക് ശേഖരം ഹരിതകർമ സേനയ്ക്ക് കൈമാറുമ്പോൾ വിജയമ്മ വീട്ടിൽ ഇല്ലായിരുന്നു.
തുടർന്ന് മാലിന്യം തരംതിരിക്കുമ്പോഴാണ് സ്വർണം കണ്ടെത്തിയത്. വാർഡ് മെമ്പർ പിപി സുഭാഷിന്റെ സാന്നിധ്യത്തിൽ സ്വർണം വിജയമ്മയെ തിരികെ ഏൽപ്പിച്ചു. നേരത്തെ കൊട്ടിയൂർ ഉൽസവത്തിന് ശുചീകരണത്തിനിടെ കളഞ്ഞുകിട്ടിയ ഒരുപവന്റെ സ്വർണമാല ചപ്പാരപ്പടവ് ഹരിതകർമ സേനാംഗങ്ങൾ ഉടമയ്ക്ക് തിരികെ നൽകിയിരുന്നു.
Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്സിജൻ നിലവാരമോ?





































