പക്ഷിപ്പനിക്കെതിരായി വികസിപ്പിച്ച ആദ്യത്തെ തദ്ദേശീയ വാക്‌സിൻ പുറത്തിറക്കി ഇന്ത്യ. പക്ഷിപ്പനി വകഭേദത്തിനെതിരായ ലോകത്തിലെ ആദ്യ വാക്‌സിനാണ് ഇതെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. സാധാരണ കർഷകർക്ക് താങ്ങാനാവുന്ന വിധത്തിൽ ഒരു ഡോസിന് ഒന്നുമുതൽ രണ്ടുരൂപ വരെയേ വില വരൂ എന്നും മന്ത്രി പറഞ്ഞു.
തുടർച്ചയായി ഉണ്ടാകുന്ന പക്ഷിപ്പനി വ്യാപനം കർഷകർക്കും സാമ്പത്തിക നഷ്‌ടമുണ്ടാക്കുക മാത്രമല്ല, മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരാനുള്ള ഭീഷണി ഉയർത്തുക കൂടിയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. 2006ൽ മഹാരാഷ്‌ട്രയിലെ നവാപൂരിലാണ് ഇന്ത്യയിൽ ആദ്യമായി പക്ഷിപ്പനി സ്‌ഥിരീകരിക്കുന്നത്. തുടർന്നിങ്ങോട്ട് 500ലധികം പക്ഷിപ്പനി ബാധകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
2021ലെ രോഗബാധയിൽ ഏകദേശം ഒമ്പത് ലക്ഷം കോഴികളും ഈവർഷം രണ്ടുലക്ഷം കോഴികളും ചത്തതായി മന്ത്രി പറഞ്ഞു. മൃഗങ്ങളിലെ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ വാക്‌സിനേഷൻ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
കോഴികളിലും താറാവുകളിലുമൊക്കെ വ്യാപിക്കുന്ന രോഗത്തെ പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവയ്‌പ്പ്. ഭോപ്പാൽ ആസ്‌ഥാനമായുള്ള ICAR-നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് (NIHSAD) ആണ് വാക്‌സിൻ വികസിപ്പിച്ചത്. H5N1 വകഭേദത്തിൽ നിന്ന് കോഴികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണിത്.
ഇതുവരെ രാജ്യത്ത് H5N1 വൈറസിനെതിരെ പ്രത്യേകമായ തദ്ദേശീയ വാക്‌സിനുകൾ ലഭ്യമല്ല. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ ഇടപെടൽ. നിലവിൽ കൂട്ടത്തോടെ പക്ഷികളെ കൊന്ന് രോഗവ്യാപനം തടയുകയാണ് ചെയ്യുന്നത്. ഇത് കർഷകർക്ക് വലിയ നഷ്‌ടം ഉണ്ടാക്കുന്നുണ്ട്. അതേസമയം, എന്നായിരിക്കും വാക്‌സിൻ വിപണിയിലെത്തുക എന്നത് സംബന്ധിച്ച് സ്‌ഥിരീകരണം പുറത്തുവന്നിട്ടില്ല.
മരണസാധ്യത കൂടുതലുള്ള H5N1 വൈറസ്, കോവിഡ്-19 വൈറസിനേക്കാൾ നൂറുമടങ്ങ് അപകടകാരിയെന്നാണ് വിദഗ്‌ധർ പറയുന്നത്. പക്ഷിപ്പനി ബാധിക്കുന്നതിൽ പകുതിപേരും മരിക്കുന്നതായാണ് 2003 മുതലുള്ള ഡബ്‌ള്യൂഎച്ച്ഒ കണക്കുകൾ സൂചിപ്പിക്കുന്നത്. കണക്കനുസരിച്ച് ലോകത്താകെ ഇതുവരെ 1003 പേർക്കാണ് പക്ഷിപ്പനി ബാധിച്ചിട്ടുള്ളത്. അതിൽ 479 പേർ മരിച്ചതായാണ് റിപ്പോർട്.
പക്ഷികളെ ബാധിക്കുന്നതും അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരാനും സാധ്യതയുള്ള വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. കോഴികൾ, താറാവുകൾ, കാടകൾ, ടർക്കികൾ, വാത്തകൾ, പ്രാവുകൾ എന്നിവ വഴിയാണ് രോഗം പകരുന്നത്. ദേശാടനപക്ഷികൾ, കാട്ടുതാറാവുകൾ അടക്കമുള്ള വന്യ-ജല പക്ഷികളിലും അണുക്കൾ കണ്ടുവരാറുണ്ട്.
ഇവ രോഗവാഹരാവുകയാണ് ചെയ്യുന്നത്. ഇവയുടെ വിസർജ്യം വഴി അന്തരീക്ഷത്തിലും പരിസരങ്ങളിലും അണുക്കൾ പ്രവേശിക്കും. ഇതുവഴി വളർത്തുമൃഗങ്ങളിലേക്കും എത്തുന്നു. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്‌ഠം എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്ക് എത്തുന്നത്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. എന്നാൽ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണ്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































