വാഷിങ്ടൻ: ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് സമിതി (യുഎസ് റിലിജിയസ് ഫ്രീഡം പാനൽ). ഇന്ത്യയിൽ വോട്ടർപട്ടിക പരിഷ്‌കരണം നടത്തി മുസ്‌ലിം ന്യൂനപക്ഷത്തെ വൻതോതിൽ ഒഴിവാക്കുകയാണെന്നാണ് സമിതിയുടെ ആരോപണം.
മതസ്വാതന്ത്ര്യത്തെപ്പറ്റി പഠനം നടത്തുന്ന യുഎസ് സമിതിയാണ് റിലിജിയസ് ഫ്രീഡം പാനൽ. ഇന്ത്യ മുസ്‌ലിംകളെ വിദേശികളെന്ന് മുദ്രകുത്തുകയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി നാടുകടത്തുകയും ചെയ്യുകയാണെന്നാണ് സമിതിയുടെ അധ്യക്ഷൻ ആസിഫ് മഹ്‌മൂദ് പ്രസ്‌താവനയിൽ ആരോപിക്കുന്നത്.
”വോട്ടർപട്ടികയിൽ നിന്ന് 13 കോടി ആളുകളെയാണ് ഒഴിവാക്കിയത്. ഇത് മെക്‌സിക്കോയുടെ ജനസംഖ്യക്ക് തുല്യമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിവാക്കലാണ് നടന്നത്. ഇത് മുസ്‌ലിം ജനവിഭാഗത്തെ ദോഷകരമായി ബാധിക്കുന്നതാണ്. ഹിന്ദു ദേശീയത മുന്നോട്ടുവെയ്‌ക്കുന്ന ബിജെപിയുടെ നേതാവായ നരേന്ദ്രമോദി 2014ൽ അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് ഇത് സംഭവിച്ചതെന്നും പൗരാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു”- സമിതി വ്യക്‌തമാക്കി.
സ്വന്തം പൗരൻമാരെ മുസ്‌ലിംകൾ ആണെന്നതിന്റെ പേരിൽ ലക്ഷ്യം വയ്‌ക്കുന്നുവെന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് സമിതിയുടെ അംഗമായ ജെനി മിൽസ് പറഞ്ഞു. ‘ഇന്ത്യയെ പ്രത്യേകം സൂക്ഷിക്കേണ്ട’ രാജ്യമായി കാണണമെന്നും മിൽസ് അഭിപ്രായപ്പെട്ടു.
അതേസമയം, സമിതിയുടെ നിരീക്ഷണങ്ങളെ ഇന്ത്യ തള്ളി. പക്ഷംപിടിച്ച് നിലപാടെടുക്കുന്ന സമിതിക്ക് രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇത്തരം വിമർശനങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നതിന് സമാനമെന്നും അദ്ദേഹം പറഞ്ഞു.
Most Read| ജുവനൈൽ ജസ്‌റ്റിസ് നിയമം പുനഃപരിശോധിക്കണം; കേന്ദ്രത്തിന് കത്ത്



































