‘തീരുമാനങ്ങൾ ഏകപക്ഷീയമെങ്കിൽ റദ്ദാക്കപ്പെടും’; നോട്ടീസയച്ച് സുപ്രീം കോടതി

എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി സ്വീകരിച്ചിട്ടുള്ള നടപടികളിൽ വിശദീകരണം തേടിയാണ് കോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരിക്കുന്നത്.

By Senior Reporter, Malabar News
Supreme Court
Photo Courtesy: Live Law

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം തേടി സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങളിലാണ് കോടതി നടപടി.

അതേസമയം, തീരുമാനങ്ങൾ എടുത്തത് നിയമപ്രകാരം അല്ലെങ്കിൽ അവ റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ, ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത്, ജസ്‌റ്റിസ്‌ ജോയ്‌മല്യ ബാഗ്‌ചി, ജസ്‌റ്റിസ്‌ വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി സ്വീകരിച്ചിട്ടുള്ള നടപടികളിൽ വിശദീകരണം തേടിയാണ് കോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരിക്കുന്നത്. കമ്മീഷൻ നിയമപ്രകാരം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു.

ഏകകണ്‌ഠമോ ഭൂരിപക്ഷ അഭിപ്രായത്തിലോ ആയിരിക്കണം തീരുമാനങ്ങൾ. എസ്‌ഐആർ ഫോം 6ന്റെ പരിഷ്‌കരണം അംഗീകരിച്ചിട്ടില്ലെന്നും കോടതി വ്യക്‌തമാക്കി. സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണ് ഫോം 6 പരിഷ്‌കരിച്ചത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഈ വാദം തള്ളുകയാണ് സുപ്രീം കോടതി. ആരാണ് പരിഷ്‌കരണത്തിന് അനുമതി നൽകിയത് എന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്‌തമാകുമെന്നും അക്കാര്യം അറിയാൻ തങ്ങൾക്കും താൽപര്യമുണ്ടെന്നും ചീഫ് ജസ്‌റ്റിസ്‌ വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായാണോ അതോ ഭൂരിപക്ഷ അഭിപ്രായ പ്രകാരമാണോ എന്ന കാര്യം വ്യക്‌തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമപ്രകാരം അല്ലെങ്കിൽ അവ റദ്ദാക്കപ്പെടുമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. പത്രവാർത്തകളുടെ മാത്രം അടിസ്‌ഥാനത്തിൽ തീരുമാനം എടുക്കാനാവില്ലെന്നും എന്താണ് നടന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിശദീകരണം കമ്മീഷനിൽ നിന്ന് ലഭ്യമാകണമെന്നും ശേഷം കോടതിയുടെ ഇടപെടലുകൾ ഉണ്ടാകുമെന്നും ചീഫ് ജസ്‌റ്റിസ്‌ വ്യക്‌തമാക്കി.

എസ്‌ഐആറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്‌തമായത്. ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ സുഖ്‌ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയ കമ്മീഷനിലാണ് ഭിന്നതകൾ നിലനിന്നിരുന്നത്.

എസ്‌ഐആറുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടികൾ തങ്ങളെ അറിയിക്കാതെ നടത്തിയതിൽ സുഖ്‌ബീറും വിവേകും വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നെന്നാണ് പുറത്തുവന്ന വിവരം. എസ്‌ഐആർ നടപടികളുടെ ഭാഗമായി രാജ്യത്തെ കോടികണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്‌തിരുന്നു. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്ന വിധത്തിൽ ഇത് മാറുകയും ചെയ്‌തിരുന്നു.

ഇത് നിയമവിരുദ്ധമെന്ന് ആരോപിച്ച് സുഖ്‌ബീറും വിവേകും രേഖാമൂലം ഗ്യാനേഷ് കുമാറിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ പത്തുമാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. തങ്ങളുടെ അനുമതിയില്ലാതെ കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങൾ പലതും നിയമവിരുദ്ധമാണെന്ന് സുഖ്‌ബീറും വിവേകും പരാതിപ്പെടുകയും ചെയ്‌തിരുന്നു.

Health| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE