മെർക്കുറി അടങ്ങിയ ഫേസ് ക്രീം വിൽപ്പന; പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

വിൽപ്പന തടയാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്‌ടർ കെ. പ്രതിഭ നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

By Senior Reporter, Malabar News
VD Satheesan

മലപ്പുറം: സംസ്‌ഥാനത്ത് മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. വിൽപ്പന തടയാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്‌ടർ കെ. പ്രതിഭ നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

മെർക്കുറി അടങ്ങിയ ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്ത് 17കാരിയുടെ വൃക്ക തകരാറിലായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ ആരോഗ്യവകുപ്പിലെ തന്നെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന് പ്രതിഭ പരാതിയിൽ ആവശ്യപ്പെട്ടു.

സംസ്‌ഥാനത്ത്‌ പലതരത്തിലുള്ള ഫേസ് ക്രീമുകളും ഓൺലൈൻ ആയിട്ടും കടകളിലും വിൽക്കുന്നുണ്ട്. ഇവയിൽ മെർക്കുറി അടങ്ങിയിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കണമെന്നായിരുന്നു ഡോക്‌ടറുടെ ആവശ്യം. പരാതി ലഭിച്ചതിനെ തുടർന്ന് തുടർനടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.

മലപ്പുറത്ത് മുഖം വെളുക്കാൻ ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായാണ് പരാതി. മെർക്കുറിയുടെ സാന്നിധ്യം മൂലം ‘മെംബ്രനസ് നെഫ്രോപതി’ എന്ന വൃക്ക രോഗം ബാധിച്ച പെൺകുട്ടി വിദഗ്‌ധ ചികിൽസയിലൂടെ അപകടനില തരണം ചെയ്‌തു. കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഏകദേശം ഒരുവർഷമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. പിന്നീട് പഠിക്കാൻ ബുദ്ധിമുട്ട്, അമിത ക്ഷീണം, ഉറക്കമില്ലായ്‌മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പിന്നാലെ കൈകാലുകളിലും മുഖത്തും നീരുവന്നു. ഇതോടെയാണ് ചികിൽസ തേടിയത്.

പരിശോധനയിൽ രക്‌തത്തിൽ മെർക്കുറിയുടെ അളവ് ഉയർന്നതായി കണ്ടെത്തി. തുടർന്ന് ക്രീം പരിശോധിച്ചപ്പോഴും ഉയർന്ന അളവിൽ മെർക്കുറിയുടെ സാന്നിധ്യം സ്‌ഥിരീകരിക്കുകയായിരുന്നു. ഇൻസ്‌റ്റഗ്രാം വഴിയാണ് പെൺകുട്ടി ക്രീം വാങ്ങിയത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE