വാഷിങ്ടൻ: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെയും അധിക തീരുവ ഏർപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം.
യൂറോപ്യൻ യൂണിയൻ, ബംഗ്ളാദേശ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും ആലോചനയുണ്ട്. ആഗോള വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വ്യാവസായിക ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മറ്റു രാജ്യങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ നീക്കം.
എന്നാൽ, അമിതമായ വ്യാവസായിക ഉൽപ്പാദനമെന്ന അമേരിക്കയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ചൈനയുടെ നിലപാട്. ഇതിന്റെ പേരിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
അതേസമയം, നേരത്തെ വിവിധ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ വ്യാപാര കരാറുകളിലെ തീരുവ മറികടക്കില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം. ചൈനയുമായുള്ള നിലവിലെ ധാരണാപ്രകാരം 20 ശതമാനമാണ് തീരുവയുടെ പരമാവധി പരിധി. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ എന്നിവയുമായുള്ള കരാറുകളിൽ 15 ശതമാനവും മലേഷ്യയുമായുള്ള കരാറിൽ 19 ശതമാനവുമാണ് പരിധി.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത





































