തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ഭിന്നത രൂക്ഷമാവുന്നതിനിടെ ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അനുനയ ശ്രമവുമായി ആര്‍എസ്എസ് രംഗത്ത് എത്തിയത്.
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതും മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന് തിരികെ വന്ന ശേഷം സ്ഥാനം നല്‍കാതിരുന്നതും അര്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു. ബിജെപിയുമായി ഇടഞ്ഞ സഖ്യകക്ഷി ബിഡിജെഎസുമായി ശോഭാ സുരേന്ദ്രന് ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്ത് – നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ആര്‍എസ്എസ് ശ്രമം.
കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷന്‍ ആയതിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ശോഭ സുരേന്ദ്രന് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പുനസംഘടനയില്‍ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ച് വെക്കില്ലെന്നും ശോഭ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന് പൊതുരംഗത്ത് സജീവമാകാത്തത് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ കാരണം അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
Read also: ലൈഫ് മിഷന് കേസ്; ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്