ന്യൂഡെൽഹി: വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരായ കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ് യുയു ലളിത് പിൻമാറി. ജസ്‌റ്റിസ് എൻവി രമണക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ സുപ്രീം കോടതിയിൽ ഹരജികൾ സമർപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.
Also Read: പ്രധാന മന്ത്രിക്കെതിരെ ട്വീറ്റ്; യുവാവ് അറസ്‌റ്റില്‍
ഹരജികൾ പരിഗണിക്കാൻ ബുദ്ധിമുട്ടാണെന്നും അഭിഭാഷകനായിരുന്നപ്പോൾ കക്ഷിക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ടെന്നും ജസ്‌റ്റിസ് യുയു ലളിത് പറഞ്ഞു. ഹരജികൾ പുതിയ ബെഞ്ച് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ് ബെഞ്ച് പുനഃസംഘടിപ്പിക്കുമെന്നും യുയു ലളിത് അറിയിച്ചു. ജഗൻ മോഹൻ റെഡ്ഡി സുപ്രീം കോടതി സിറ്റിങ് ജഡ്‌ജിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നും ഹരജിയിലെ പ്രധാന ആവശ്യം. അഭിഭാഷകരായ ജിഎസ് മണി, സുനിൽ കുമാർ സിങ്, ആന്റി കറപ്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്‌റ്റ് എന്നിവരാണ് മൂന്ന് പ്രത്യേക ഹരജികൾ സമർപ്പിച്ചത്. എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടി കക്ഷിയായി വരുന്ന കേസുകളിൽ ജസ്‌റ്റിസ് എൻവി രമണ ആന്ധ്രാ ഹൈക്കോടതി ജഡ്‍ജിമാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം.































