കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടു. കൊലപാതകം നടത്തിയ കേസിലെ രണ്ടാം പ്രതി അശോകൻ നേരത്തെ മരിച്ചതിനാലാണ് കോടതി ശിക്ഷാവിധി റദ്ദാക്കിയത്.
അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണകാരണമെന്ന് കോടതി കണ്ടെത്തി. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ല. ഈ കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി വ്യക്‌തമാക്കി.
കൽപ്പറ്റ പ്രിൻസിപ്പൽ ഡിസ്‌ട്രിക്‌ട് ആൻഡ് സ്‌പെഷ്യൽ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. അതേസമയം, സംഘർഷത്തിനിടെ പോലീസുകാരൻ അബ്‍ദുൾ സലാമിനും വനപാലകർക്കും പരിക്കേറ്റ കേസിൽ നാലുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവർക്ക് അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു.
ഈ കേസിൽ ബാക്കി 53 പേരെ വെറുതെവിട്ടു. സംഭവം നടന്ന് 23 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ പൂർത്തിയായി വിധി വരുന്നത്. പ്രതികളെ ഹാജരാക്കുന്നതിലും കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിലും മരിച്ചവരുടെ വിവരങ്ങൾ ഉറപ്പു വരുത്തുന്നതിലുമുണ്ടായ കാലതാമസം മൂലമാണ് കേസ് നീണ്ടുപോയത്.
2003 ജനുവരി അഞ്ചിന് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ആദിവാസി കുടുംബങ്ങൾ മുത്തങ്ങയിലെ കാടുകൾ കയ്യേറിൽ കുടിൽകെട്ടി സമരം തുടങ്ങുന്നത്. അഞ്ചേക്കർ ഭൂമിയെന്ന സർക്കാർ വാഗ്‌ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിവിധ ഗോത്ര ഊരുകളിൽ നിന്നുള്ള 825 കുടുംബങ്ങളിലെ നാലായിരത്തോളം ആളുകൾ സമരം ആരംഭിച്ചത്.
ഗോത്രമഹാസഭ നേതാക്കളായ സികെ ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു മുത്തങ്ങ ഭൂസമരം. ഫെബ്രുവരി 19ന് സമരക്കാരെ ഒഴിപ്പിക്കുന്നതിനുള്ള പോലീസ് നടപടിക്കിടെയാണ് വെടിവയ്‌പ്പും സംഘർഷവും ഉണ്ടായത്. സംഘർഷത്തിൽ വിനോദിന് വെട്ടേറ്റു. സമരക്കാരിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വിനോദ് മരിച്ചത്. പോലീസ് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു.
കേസ് ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസിന്റെ വിചാരണ എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ നിന്ന് വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. പ്രതികളുടെ പേരിൽ കൊലപാതകക്കുറ്റവും ഗൂഢാലോചന അടക്കമുള്ള വകുപ്പുകളുമാണ് ചുമത്തിയിരുന്നത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































