പത്തനംതിട്ട: ചെങ്ങറ പുനരധിവാസ പാക്കേജ് പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂരഹിതര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. വാസയോഗ്യമല്ലാത്ത സ്‌ഥലങ്ങള്‍ ലഭിച്ചവര്‍ക്ക് പകരം സ്വന്തം നാട്ടില്‍ ഭൂമി നല്‍കണമെന്നാണ് ആവശ്യം. കൃഷിയോഗ്യമല്ലാത്ത സ്‌ഥലം നല്‍കിയും പാക്കേജിനായി മാറ്റിവെച്ച സ്‌ഥലം തിരിച്ചെടുത്തും സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ചെങ്ങറ ഭൂസമര സമിതി ആരോപിച്ചു.
ചെങ്ങറ ഭൂസമരത്തെ തുടര്‍ന്ന് പുനരധിവാസ പാക്കേജ് നടപ്പിലാക്കി പത്ത് വര്‍ഷമാകുമ്പോളും ആയിരങ്ങള്‍ ഭൂരഹിതരായി തുടരുകയാണ്. പാക്കേജ് പ്രകാരം 912 പേര്‍ക്ക് ഭൂമി നൽകിയെന്നും 583 കുടുംബങ്ങളെ കുറിച്ച് വിവരമില്ലെന്നുമാണ് സെപ്‌റ്റംബർ എട്ടിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലം. പട്ടയം കൈപ്പറ്റിയവരില്‍ ഭൂരിഭാഗവും ജനങ്ങള്‍ക്കും ലഭിച്ചത് കൃഷിക്കോ താമസത്തിനോ അനുയോജ്യമല്ലാത്ത ഭൂമിയാണ്.
പട്ടയം ലിസ്‌റ്റിലുള്ളവര്‍ക്കും സമരം തുടരുന്നവര്‍ക്കും സ്വന്തം നാടുകളില്‍ വാസയോഗ്യമായ ഭൂമി നല്‍കണമെന്നാണ് സമര സമിതിയുടെ ആവശ്യം. ചെങ്ങറയില്‍ തുടരുന്നവരെ മറച്ചുപിടിച്ച് സമരക്കാര്‍ ചിതറിപ്പോയെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഹാരിസണ്‍ മലയാളത്തിന് ഭൂമി നല്‍കാനാണ് നീക്കമെന്നും ആദിവാസി- ദളിത് സംഘടനകളുടെ കൂട്ടായ്‌മ ആരോപിക്കുന്നു. പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷനുമുന്നില്‍ തുടങ്ങിയ രാപ്പകല്‍ സമരത്തിന് പിന്നാലെ ജനുവരി സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹത്തിനാണ് സമരസമിതി നീങ്ങുന്നത്.
Also Read: വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ല; കടുത്ത നിലപാടിൽ സർക്കാർ