വയനാട് : പ്രളയ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ പുത്തുമലയിലെ 16 കുടുംബങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വയനാട് കളക്‌ടറേറ്റിന് മുന്നില്‍ സമരം ആരംഭിച്ചു. പ്രളയത്തില്‍ വീടും സ്‌ഥലവും നഷ്‌ടമായിട്ടും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയവരാണ് സമരം ചെയ്യുന്ന കുടുംബങ്ങള്‍. മുസ്‍ലിം ലീഗിന്റെ നേതൃത്വത്തിലാണ് ഇവര്‍ സമരം ആരംഭിച്ചത്. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം.
സമരം ചെയ്യുന്ന 16 കുടുംബങ്ങളില്‍ 4 കുടുംബങ്ങള്‍ക്ക് ഉരുള്‍പൊട്ടലില്‍ വീടും ബാക്കി 12 കുടുംബങ്ങള്‍ക്ക് തങ്ങളുടെ സ്‌ഥലവും നഷ്‌ടമായി. പക്ഷേ അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിച്ചില്ല എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. പുനരധിവാസ പദ്ധതിക്കായി പൂത്തക്കൊല്ലിയിലാണ് സ്‌ഥലം ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ 57 കുടുംബങ്ങള്‍ക്കായി വീട് നിര്‍മ്മിക്കുകയാണ്. ശേഷിക്കുന്ന ഭൂമിയില്‍ തങ്ങള്‍ക്കും വീടോ സ്‌ഥലമോ അനുവദിക്കണമെന്നാണ് സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.
പുനരധിവാസ പദ്ധതിക്കായി 7 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇവിടെയാണ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിക്കുന്നത്. ഒപ്പം തന്നെ സര്‍ക്കാര്‍ അനുവദിച്ച പണം ഉപയോഗിച്ച് 40 കുടുംബങ്ങള്‍ നേരത്തെ സ്വന്തമായി ഭൂമി വാങ്ങിയിരുന്നു. ഈ രണ്ട് കൂട്ടത്തിലും ഉള്‍പ്പെടാതെ പോയ 16 കുടുംബങ്ങളാണ് ഇപ്പോള്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. റവന്യൂ സംഘം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടില്‍ പലരുടെയും സ്‌ഥലം വാസയോഗ്യം ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനരധിവാസ പദ്ധതിയില്‍ നിന്നും പുറത്തായത് എന്നാണ് ഉദ്യോഗസ്‌ഥര്‍ പറയുന്ന ന്യായീകരണം. എന്നാല്‍ വൈദ്യുതി, കുടിവെള്ളം, റോഡ് എന്നിവ പുനഃസ്‌ഥാപിക്കാതെ കിടക്കുന്ന സ്‌ഥലം വാസയോഗ്യമല്ല എന്ന നിലപാടാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.
Read also : ലൈഫ് മിഷൻ കേസ്; ശിവശങ്കറിനെ പ്രതി ചേർത്ത് വിജിലൻസ്