കല്‍പ്പറ്റ: പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ ഖൈര്‍) ശിലാസ്ഥാപനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട പുത്തുമലയിലെ സ്‌നേഹ ഭൂമിയില്‍ ആറ് വീടുകളും പുത്തൂര്‍വയല്‍, കോട്ടനാട്, കോട്ടത്തറവയല്‍ എന്നിവിടങ്ങളിലായി ഏഴ് വീടുകളുമാണ് നിര്‍മിക്കുന്നത്. ഭവനരഹിതരായ 13 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് കിടപ്പുമുറികള്‍ ഉള്‍പ്പെടെയുള്ള 645 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിക്കുന്നത്. ഏഴര ലക്ഷം രൂപയാണ് ഒരു വീടിന് കണക്കാക്കുന്ന ചെലവ്.
ശിലാസ്ഥാപന ചങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. കൈപ്പാണി അബൂബക്കര്‍ ഫൈസി, എം വി ശ്രേയാംസ്‌കുമാര്‍ എം പി, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ കവളപ്പാറയിലും മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 13 വീടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
Wayanad News: കോവിഡ്; ആശങ്ക ഒഴിയാതെ വയനാട്