തിരുവനന്തപുരം: വാക്‌സിൻ എടുക്കാത്തവർക്കെതിരെ കടുത്ത നിലപാടുകളുമായി സർക്കാർ. സംസ്‌ഥാനത്ത് വാക്‌സിൻ എടുക്കാത്തവർക്ക് സർക്കാർ ആശുപത്രികളിൽ അടക്കം സൗജന്യ ചികിൽസ നൽകില്ലെന്ന് സർക്കാർ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 5000ത്തോളം അധ്യാപകർ വാക്‌സിൻ എടുക്കാതെ സ്‌കൂളുകളിൽ എത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വിഷയവും യോഗത്തിൽ ചർച്ചയായി.
വാക്‌സിൻ എടുക്കാത്ത അധ്യാപകർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആഴ്‌ചയിൽ ഒരു ദിവസം സ്വന്തം ചെലവിൽ പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്‌സിനേഷൻ ഡിസംബർ 15നകം പൂർത്തിയാക്കണമെന്നും അവലോകന യോഗത്തിൽ സർക്കാർ നിർദ്ദേശിച്ചു.
അതേസമയം, വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും അധ്യാപക സംഘടനകൾ രംഗത്തെത്തി. സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് കെഎസ്‌ടിഎ വ്യക്‌തമാക്കിയപ്പോൾ ആദ്യം വാക്‌സിൻ എടുക്കാത്തവരുടെ പട്ടിക പുറത്തുവിടണം എന്നായിരുന്നു കെപിഎസ്‌ടിഎയുടെ നിലപാട്. വിദ്യാഭ്യാസ മന്ത്രി പറയുന്ന കണക്ക് വ്യാജമാണെന്ന് ആരോപിച്ച ലീഗ് അധ്യാപക സംഘടന അധ്യാപകരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
Also Read: ഒമൈക്രോൺ ഭീതി; സംസ്‌ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രം