ഒഡീഷ : രാജ്യത്ത് കോവിഡ് രോഗത്തോടൊപ്പം രോഗഭീതിക്കും വ്യാപനം. ഒഡീഷയില്‍ മരിച്ചയാളെ നാട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞതോടെ മൃതദേഹം സംസ്കരിക്കാന്‍ മുന്‍കൈയെടുത്ത് ഭാര്യ. ഒഡീഷയിലെ മാല്‍ക്കന്‍ഗിരിയിലാണ് സംഭവം. മരിച്ച ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസറായ കൃഷ്ണ നായിക്കിന്റെ മൃതദേഹം രോഗഭീതിയെ തുടര്‍ന്ന് സംസ്കരിക്കാന്‍ ബന്ധുക്കളോ നാട്ടുകാരോ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയാണ് മുന്‍കൈയെടുത്ത് മൃതദേഹം സംസ്കരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജെയ്പോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണ നായിക്കിനെ പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സഹീദ് ലക്ഷ്മണ് നായക് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ച് കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃഷ്ണ നായിക്കിനെ സ്വദേശമായ വിശാഖപട്ടണത്തിലേക്ക് കൊണ്ടു പോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.
സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം കൊണ്ടുവന്നപ്പോള്‍ ബന്ധുക്കളും നാട്ടുകാരും രോഗഭീതിയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. സംസ്കരിക്കാന്‍ ആരും തയ്യാറാകാഞ്ഞതോടെ ഭാര്യ തന്നെ മുന്‍കൈയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പിപിഇ കിറ്റ് ധരിച്ചാണ് മൃതദേഹം സംസ്കരിച്ചത്.