കൊച്ചി: വാഗമണ്‍ റിസോര്‍ട്ടില്‍ ലഹരി നിശാപാര്‍ട്ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പോലീസ് ഉദ്യോഗസ്ഥനു താന്‍ പറഞ്ഞതു മനസിലാകാതെ പോയതിനാലാണ് പ്രതിയാക്കിയതെന്നും ബ്രിസ്റ്റി ബിശ്വാസ് ഹരജിയില്‍ വ്യക്തമാക്കി.
മാത്രവുമല്ല, കോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ് എന്നും ജനുവരിയില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്നും ഹരജിയില്‍ പറയുന്നു.
വാഗമണിലേക്ക് ബ്രിസ്റ്റിയും കൂട്ടുകാരും ഡിസംബര്‍ 19നാണ് വിനോദയാത്ര പോയത്. റിസോര്‍ട്ടിലെ 3 കെട്ടിടങ്ങളില്‍ ഒന്നിലാണ് തങ്ങള്‍ താമസിച്ചതെന്നും അവിടുത്തെ ഡിജെ പാര്‍ട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ഇവര്‍ ഹരജിയില്‍ പറയുന്നു.
കേസിലെ 9ആം പ്രതിയായ ഹരജിക്കാരി ഡിസംബര്‍ 21 മുതല്‍ തന്നെ റിമാന്‍ഡിലാണ്. ബ്രിസ്റ്റിയുടെ കയ്യില്‍ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാല്‍ ഈ കഞ്ചാവ് തങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആകെ പിടികൂടിയതാണെന്നും ഹരജിയില്‍ പറയുന്നു. ബിടെക് വിദ്യാര്‍ഥിയാണ് ബ്രിസ്റ്റി ബിശ്വാസ്.
Read Also: കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്