കനി കുസൃതിക്ക് സംസ്ഥാന പുരസ്കാരം നേടി കൊടുത്ത ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം ‘ബിരിയാണി‘ ഒടിടി റിലീസിന് ഒരുങ്ങുന്നു. ‘കേവ്’ എന്ന ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തുന്നത്. ഈ മാസം 21നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.
യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ സജിന്‍ ബാബു രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം മാർച്ച് 26നായിരുന്നു തിയേറ്ററിൽ റിലീസ് ചെയ്തത്. സംസ്ഥാന പുരസ്കാരത്തിന് പുറമെ നിരവധി ചലച്ചിത്ര മേളകളിലായി 20ഓളം അവാർഡുകളും ‘ബിരിയാണി’ സ്വന്തമാക്കിയിരുന്നു.
കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും കഥയാണ് ചിത്രം വരച്ചുകാട്ടുന്നത്. ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും തുടർന്ന് ഇരുവർക്കും നാട് വിടേണ്ടി വരുന്നതും, അതിന് ശേഷമുളള അവരുടെ യാത്രയിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തില്‍ കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും ആണ് വേഷമിടുന്നത്.
അന്തരിച്ച നടൻ അനില്‍ നെടുമങ്ങാട്, സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒടിടി റിലീസിലൂടെ ചിത്രം കൂടുതൽ പേരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
Read Also: കോറോണയല്ല, ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ; ഡോ. ബിജു