കുട്ടനാട്: വഴിയിൽ കളഞ്ഞുകിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമയ്‌ക്ക് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് ഇതര സംസ്‌ഥാന തൊഴിലാളിയായ നിർമൽ. കായംകുളം കിഫ്‌ബി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കവിതാ ഭരതന്റെ പേഴ്‌സാണ് കഴിഞ്ഞ ദിവസം നഷ്‌ടപ്പെട്ടത്.
എംസി റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പശ്‌ചിമബംഗാൾ ദക്ഷിൺ ദിനാജ്‌പുർ സ്വദേശിയായ നിർമൽ റോയ്‌ക്കാണ് പേഴ്‌സ് ലഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളിയാണ് ഇദ്ദേഹം. എംസി റോഡിൽ മാമ്പുഴക്കരി ബ്ളോക്ക് കവലക്ക് സമീപത്തു നിന്നാണ് നിർമലിന് പേഴ്‌സ് ലഭിച്ചത്. പേഴ്‌സിൽ പണം ഉണ്ടെന്ന് കണ്ടതോടെ നിർമൽ ഒരുനിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നു.
ഉടൻ സൊസൈറ്റി അധികൃതരെ നിർമൽ വിവരം അറിയിക്കുകയും പേഴ്‌സ് പോലീസിൽ നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനിടെ, നിർമൽ പേഴ്‌സ് തുറന്നു നോക്കി ഇതിൽ നിന്നും ലഭിച്ച കവിതാ ഭാരത്തിന്റെ ഫോൺ നമ്പറിൽ വിളിച്ചു പേഴ്‌സ് ലഭിച്ച വിവരം അറിയിച്ചു. വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്‌ടപ്പെട്ട വിഷമത്തിലായിരുന്ന കവിത, ഉടൻ തന്നെ സ്‌ഥലത്തെത്തി പേഴ്‌സ് ഏറ്റുവാങ്ങി.
2018 മുതൽ ഊരാളുങ്കൽ സൊസൈറ്റിയുടെ കീഴിൽ ജോലി ചെയ്യുന്നയാളാണ് നിർമൽ. അതിന് മുൻപും കേരളത്തിൽ ജോലി ചെയ്‌തതുകൊണ്ട് മലയാളം അത്യാവശ്യം സംസാരിക്കാനും മനസിലാക്കാനും നിർമലിന് സാധിക്കും. പുളിങ്കുന്ന് പാലം നിർമാണത്തിനായി വസ്‌തു ഏറ്റെടുക്കുന്ന സംഘത്തിലെ ഉദ്യോഗസ്‌ഥയാണ് കവിതാ ഭരതൻ. യാത്രക്കിടെയാകാം പേഴ്‌സ് നഷ്‌ടപ്പെട്ടതെന്ന് ഇവർ പറയുന്നു.
Most Read: നിയമസഭാ സംഘർഷം; പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണൽ സ്‌റ്റാഫുകൾക്ക് മെമ്മോ