ലഖ്‌നൗ: ഉത്തർപ്രദേശിൽ സബർമതി എക്‌സ്‌പ്രസ് പാളംതെറ്റി. യുപിയിലെ കാൺപൂർ റെയിൽവേ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. ആളപായം ഇല്ലെങ്കിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ പാളം തെറ്റിയതിൽ അട്ടിമറിയുണ്ടെന്നാണ് റെയിൽവേ സംശയിക്കുന്നത്. ട്രാക്കിൽ വെച്ച വലിയൊരു വസ്‌തു തട്ടിയാണ് 20 ബോഗി പാളം തെറ്റിയതെന്നാണ് നിഗമനം.
സംഭവത്തിൽ ഐബിയും യുപി പോലീസും റെയിൽവേയും അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. യാത്രക്കാരെ മറ്റു വാഹനങ്ങളിൽ കാൺപൂരിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാൺപൂർ സ്‌റ്റേഷനിൽ നിന്നും മറ്റൊരു ട്രെയിനിൽ യാത്രക്കാരെ കയറ്റുമെന്നാണ് റെയിൽവേ പറയുന്നത്.
വാരാണസി ജങ്ഷനും അഹമ്മദാബാദിനും ഇടയിൽ സർവീസ് ട്രെയിനാണ് സബർമതി എക്‌സ്‌പ്രസ് (19168). യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. അഗ്‌നിശമന സേനയുടെ വാഹനങ്ങളും ആംബുലൻസുകളും സംഭവ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. റെയിൽവേ അധികൃതർ സ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തും.
Most Read| ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ