അഗളി: അട്ടപ്പാടിയിൽ വീടും സ്‌ഥലവും ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ എത്തിയ അംഗപരിമിതയായ യുവതിയെ പഞ്ചായത്ത് സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി. അഗളി സ്വദേശിയായ ഷമീറയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പോളിയോ ബാധിച്ച് വലത് കാലിന് 60 ശതമാനം ശേഷി നഷ്‌ടപ്പെട്ട ഷമീറ വീടിനും സ്‌ഥലത്തിനുമായി അഗളി പഞ്ചായത്ത് ഓഫിസിൽ വർഷങ്ങളായി കയറിയിറങ്ങുകയാണ്. പ്രണയവിവാഹത്തിന്റെ പേരിൽ വീട്ടുകാർ ഒറ്റപ്പെടുത്തി. മകനുണ്ടായി കുറച്ച് നാളുകൾക്ക് ശേഷം ഭർത്താവും ഷമീറയെ ഉപേക്ഷിച്ചു. കഴിഞ്ഞ 11 വർഷമായി മകനോടൊപ്പം വാടക വീട്ടിലാണ് താമസം. തന്റെ ദുരിതം വിവരിച്ച് പാലക്കാട് ജില്ലാ കളക്‌ടർക്ക് ഷമീറ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
അപേക്ഷ പരിശോധിച്ച് പരിഗണിക്കാൻ കളക്‌ടർ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം വാർഡ് മെമ്പറോടൊപ്പം ഷമീറ പഞ്ചായത്ത് സെക്രട്ടറിയെ കാണാൻ എത്തിയത്. എന്നാൽ, വീടും സ്‌ഥലവും തരാനല്ല പഞ്ചായത്ത് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞ് സെക്രട്ടറി തന്നെ അപമാനിച്ച് തിരിച്ചയക്കുകയായിരുന്നു എന്ന് ഷമീറ പറഞ്ഞു.
എന്നാൽ, ഷമീറയെ അധിക്ഷേപിച്ചിട്ടില്ലെന്നും ലൈഫ് ഭവന പദ്ധതി സംബന്ധിച്ച് നിലവിലെ പ്രശ്‌നം അറിയിക്കുക മാത്രമാണ് ചെയ്‌തതെന്നും സെക്രട്ടറി വിശദീകരിച്ചു. അതേസമയം, സെക്രട്ടറിയ്‌ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് ഷമീറ.
Also Read: ഫ്രാങ്കോ കേസ്; നിയമവിദഗ്‌ധരുടെ സഹായം തേടാൻ സർക്കാർ