കോട്ടയം: ഫ്രാങ്കോ മുളക്കൽ പ്രതിയായ പീഡനക്കേസിൽ ഇരയ്‌ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് പോലീസ് വിലയിരുത്തുമ്പോഴും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയ പിഴവുകൾ തലവേദനയാകുന്നു. ഇത് തിരുത്തി മാത്രമേ അപ്പീൽ നടപടിയുമായി പോകാൻ കഴിയൂ. ഇതിന് സർക്കാർ നിയമ വിദഗ്‌ധരുടെ സഹായം തേടിയേക്കുമെന്നാണ് വിവരം.
മുതിർന്ന അഭിഭാഷകരുടെ പാനൽ, കേസ് നടപടികൾ പരിശോധിക്കണമെന്ന് കന്യാസ്‌ത്രീയോട് അടുത്ത വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു. പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികൾ അവർക്ക് അനുകൂലമാക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇവരിൽ പലരുടെയും മൊഴികൾ പ്രതിക്ക് സഹായകരമാവുകയും ചെയ്‌തു.
സൈബർ തെളിവുകൾ മുതൽ പോലീസിന് ശരിയാക്കേണ്ടി വരും. ഇരയുടെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പ്രതി മോശമായ സന്ദേശം ഇരയ്‌ക്ക് അയച്ചെന്ന് പറയുന്നത് തെളിയിക്കാൻ ഈ ഫോൺ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞേനെ. ആക്രി വ്യാപാരിക്ക് ഫോൺ സിം കാർഡ് അടക്കം കൊടുത്തുപോയെന്നും പിന്നീട് വീണ്ടെടുക്കാൻ കഴിയാതെ നഷ്‌ടപ്പെട്ടെന്നും പോലീസ് പറഞ്ഞിരുന്നു. ഇത് കോടതിക്ക് അവിശ്വസനീയമായി തോന്നി.
സൈബർ തെളിവുകൾ സമർപ്പിക്കാനും പോലീസിന് ആയില്ല. മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ട് കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇരയുടെ ലാപ്‌ടോപ്പിനും സമാന അവസ്‌ഥയായിരുന്നു. അത് ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കാനുമായില്ല. അതിന്റെ ഹാർഡ് ഡിസ്‌ക് തകരാറിലാണെന്നാണ് പോലീസ് പറഞ്ഞത്.
ഇര പല സമയങ്ങളിൽ വ്യത്യസ്‌തമായ മൊഴി നൽകി എന്നതും കോടതി കുറവായി കണ്ടെത്തി. പ്രോസിക്യൂഷൻ പരിശോധിച്ച് ഉറപ്പിച്ചിരുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്‌തം. സഭയിലെ മേലധികാരികൾക്ക് നൽകിയ പരാതികളിലും ലൈംഗികപീഡന പരാമർശം ഇര നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇവരെല്ലാം പ്രോസിക്യൂഷൻ സാക്ഷികളുമാണ്. പീഡനവിവരം രേഖപ്പെടുത്തിയ പരാതി പാലാ മുതലുള്ള ആസ്‌ഥാനങ്ങളിലേക്ക് നൽകിയിരുന്നതായി കന്യാസ്‌ത്രീ പലവട്ടം പറഞ്ഞിട്ടുണ്ട്. എങ്കിൽ, പ്രോസിക്യൂഷൻ സാക്ഷികളെ കൊണ്ട് കണ്ടെടുപ്പിച്ച് കോടതിയിൽ എത്തിക്കേണ്ടിയിരുന്നു.
ഇരയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിൽ ആശുപത്രിയിലെ യഥാർഥ രേഖയും പോലീസ് ഹാജരാക്കിയ രേഖയും വ്യത്യസ്‌തമായതും പിഴവായി. പോലീസ് റിപ്പോർട്ടിൽ വെട്ടിത്തിരുത്ത് ഉണ്ടായിരുന്നു. ആശുപത്രിയിലെ രേഖയിൽ അതില്ല. വെട്ടിത്തിരുത്ത് ഡോക്‌ടർ അംഗീകരിച്ചതാണെന്ന് കോടതിയിൽ ബോധിപ്പിച്ചിരുന്നു. പക്ഷേ, ആശുപത്രി രേഖയിൽ തിരുത്ത് വരുത്തിയിരുന്നില്ല.
Also Read: മൂന്നാഴ്‌ചക്കുള്ളിൽ കോവിഡ് അതിതീവ്ര വ്യാപന സാധ്യത; ആരോഗ്യമന്ത്രി