തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാഴ്‌ചക്കുള്ളിൽ കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സ്‌ഥാപനങ്ങളിലാണ് ക്ളസ്‌റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്‌ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സംസ്‌ഥാനത്ത് 78 ആക്റ്റീവ് കോവിഡ് ക്ളസ്‌റ്ററുകളുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം സംസ്‌ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാർത്ത അടിസ്‌ഥാനരഹിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മോണോ ക്ളോണൽ ആന്റിബോഡി, റെംഡെസിവർ, റാബിസ് വാക്‌സിൻ ഇവയെല്ലാം ആവശ്യത്തിനുണ്ടെന്ന് അറിയിച്ച മന്ത്രി വാർത്തകൾക്ക് പിന്നിൽ മരുന്ന് കമ്പനികളുടെ സമ്മർദ്ദമെന്ന് സംശയിക്കുന്നുവെന്നും പറഞ്ഞു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് നിലവിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി.
Most Read: ‘അവിടെ തന്നെ നിന്നോളൂ, തിരിച്ചു വരരുത്’; ആദിത്യനാഥിനോട് അഖിലേഷ് യാദവ്