ലഖ്‌നൗ: യുപിയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്റെ മണ്ഡലം പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. “നേരത്തെ അവർ ‘അദ്ദേഹം അയോധ്യയിൽ നിന്ന് മൽസരിക്കും’ അല്ലെങ്കിൽ ‘മഥുരയിൽ നിന്ന് മൽസരിക്കും’ അല്ലെങ്കിൽ ‘പ്രയാഗ്‌രാജിൽ നിന്ന് മൽസരിക്കും’ എന്നൊക്കെ പറയാറുണ്ടായിരുന്നു… ഇപ്പോൾ നോക്കൂ.. ബിജെപി അദ്ദേഹത്തെ (മുഖ്യമന്ത്രി) ഗോരഖ്പൂരിലേക്ക് അയച്ചത് എനിക്കിഷ്‌ടമായി) , യോഗി അവിടെ തന്നെ നിൽക്കണം… അദ്ദേഹം അവിടെ നിന്ന് വരേണ്ട ആവശ്യമില്ല,” അഖിലേഷ് യാദവ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടിക ഇന്നാണ് ബിജെപി പുറത്തുവിട്ടത്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 58 സീറ്റുകളിൽ 57 എണ്ണത്തിലേക്കും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 55 സീറ്റുകളിൽ 48 എണ്ണത്തിലേക്കും ഉള്ള സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ യുപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് സ്‌ഥാനാർഥി പട്ടിക പുറത്തു വിട്ടത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറാത്തു മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
യോഗി ആദിത്യനാഥ് അയോധ്യയിൽ നിന്ന് ജനവിധി തേടുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി അഞ്ച് തവണ ലോക്‌സഭയിലേക്ക് മൽസരിച്ചു വിജയിച്ച ഗോരഖ്പൂർ ആണ് അദ്ദേഹം തിരഞ്ഞെടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് യോഗിയുടെ കന്നിയങ്കമാണ്. നിലവില്‍ യോഗി ഉത്തര്‍പ്രദേശ് ലെജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗമാണ്. 2017 മാര്‍ച്ചിലാണ് അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. യോഗി മൽസരിക്കുന്ന ഗോരഖ്പൂർ അര്‍ബന്‍ മണ്ഡലത്തില്‍ മാര്‍ച്ച് മൂന്നിനാണ് വോട്ടെടുപ്പ് നടക്കുക.
Most Read: ‘കുത്തിയത് കണ്ടവരില്ല’; ധീരജ് വധക്കേസിൽ പ്രതികളെ പ്രതിരോധിച്ച് കെപിസിസി അധ്യക്ഷൻ