തിരുവനന്തപുരം: ധീരജ് വധക്കേസിൽ പ്രതികൾക്കൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊലക്കേസിൽ അറസ്‌റ്റിലായ 5 പേർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്റെ വാദം. നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല എന്നും സുധാകരൻ പറഞ്ഞു.
ധീരജിനെ കുത്തിയത് ആരെന്ന് ദൃക്‌സാക്ഷികൾക്ക് പറയാനാവുന്നില്ലെന്നാണ് സുധാകരന്‍ അവകാശപ്പെടുന്നത്. രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. എല്ലാ നിയമസഹായവും പ്രതികൾക്ക് നൽകുമെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്‌തമാക്കി.
കുത്തിയത് ആരെന്ന് പോലീസ് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട സുധാകരൻ നിഖിലിനെ തള്ളിപ്പറയില്ലെന്നും പറഞ്ഞു. ചന്ദ്രശേഖരൻ കേസിലെ പ്രതികൾ സുഖിക്കുകയല്ലേയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
നിഖിൽ പൈലിക്കൊപ്പം അടിയുറച്ച് നിൽക്കുകയാണ് കെ സുധാകരൻ. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തെന്നാണ് വിശദീകരണം.
സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ കരുക്കളാണ് ആ കുട്ടി. നിഖിൽ പൈലിയെ എസ്എഫ്ഐ പ്രവർത്തകർ ഓടിച്ചു. ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് കെഎസ്‍യുവിന്റെ തലയിൽ എങ്ങനെ വരുന്നുമെന്നാണ് സുധാകരൻ ചോദിക്കുന്നത്. ധീരജിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാത്തതിൽ പോലീസാണ് മറുപടി പറയേണ്ടതെന്നും കെപിസിസി അധ്യക്ഷൻ പറയുന്നു.
താൻ മരണത്തിൽ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും കെപിസിസി പ്രസിഡണ്ട് വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സിപിഎം തനിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങൾ അൽഭുതകരമാണെന്നും അക്രമം കൊണ്ട് പിടിച്ച് നിൽക്കുന്ന സംഘടനയാണ് എസ്എഫ്ഐയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മരിച്ച ഉടൻ ശവകുടീരം കെട്ടാൻ എട്ട് സെന്റ് സ്ഥലം വാങ്ങി സിപിഎം ആഘോഷമാക്കാൻ ശ്രമിച്ചുവെന്നും സുധാകരൻ പറയുന്നു. മരണത്തിലും ആഘോഷം നടക്കുകയാണ്. പിണറായി ഭരണത്തിൽ 54 കൊലപാതകമുണ്ടായി. ഇതിൽ 28 എണ്ണത്തിൽ സിപിഎം പ്രതികളാണ്, 12 ബിജെപി പ്രതികളാണ്. ഒരു കേസ് ലീഗും. ധീരജ് കേസ് മാത്രമാണ് കോൺഗ്രസിന്റെ തലയിൽ കെട്ടിവെക്കുന്നത്; കെ സുധാകരൻ പറഞ്ഞു.
Most Read: യുപിയിൽ അഖിലേഷുമായി സഖ്യത്തിനില്ല; ചന്ദ്രശേഖര്‍ ആസാദ്