ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആസാദ് നേതൃത്വം നൽകുന്ന ആസാദ് സമാജ് പാര്‍ട്ടിയുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തങ്ങളെ അപമാനിച്ചെന്നും അതിനാൽ സഖ്യത്തിന് തയ്യാറല്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചത്.
അഖിലേഷ് യാദവ് ദളിത് വിഭാഗങ്ങളുടെ പിന്തുണ ആഗ്രഹിക്കുന്നില്ലെന്നും അവരുടെ വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യമിടുന്നത് എന്നും ആസാദ് വാര്‍ത്താ സമ്മേളനത്തിലൂടെ കുറ്റപ്പെടുത്തി. സാമൂഹിക നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടം. ഇതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമെന്നും അല്ലെങ്കിൽ സ്വയം പോരാടുമെന്നും ആസാദ് വ്യക്‌തമാക്കി.
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഇന്നലെ ചന്ദ്രശേഖര്‍ ആസാദ് അഖിലേഷ് യാദവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചന്ദ്രശേഖര്‍ ആസാദ് 10 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്ന് സീറ്റുകള്‍ മാത്രമാണ് അഖിലേഷ് യാദവ് വാഗ്‌ദാനം ചെയ്‌തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുപിയിൽ ഭരണത്തിലിരിക്കുന്ന ബിജെപിയെ നേരിടാന്‍ ശക്‌തമായ പടയൊരുക്കം നടത്തുകയാണ് സമാജ്‌വാദി പാര്‍ട്ടി. യോഗി ആദിത്യനാഥ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി മൂന്ന് മുന്‍മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിരുന്നു. കൂടാതെ യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് പിന്തുണ നൽകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്‌തമാക്കിയിരുന്നു.
ഏഴ് ഘട്ടങ്ങളായാണ് യുപിയിൽ തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.
Read also: നടിയെ ആക്രമിച്ച കേസ്; വിഐപിയെ തിരിച്ചറിഞ്ഞതായി സൂചന