ന്യൂഡെൽഹി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു. ജലന്ധർ ബിഷപ്പ് സ്‌ഥാനത്ത് നിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. അതേസമയം, കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി അല്ലെന്നും ഫ്രാങ്കോ മുളക്കൽ സ്വയം രാജിവെക്കുക ആയിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്‌ഥാനപതി അറിയിച്ചു.
ജലന്ധർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുക ആയിരുന്നുവെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളക്കൽ പറയുന്നത്. കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്‌തനാക്കിയതിന് എതിരായ ഹരജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ബിഷപ്പിന്റെ രാജി.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളക്കല്‍ കന്യാസ്‌ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. വൈക്കം മുൻ ഡിവൈഎസ്‌പി കെ സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോയെ അറസ്‌റ്റ് ചെയ്‌തത്. പീഡനം, തടഞ്ഞുവയ്‌ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോക്കെതിരെ പോലീസ് ചുമത്തിയത്.
Most Read: മണിപ്പൂർ സംഘർഷം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ