ഇംഫാൽ: മണിപ്പൂരിൽ രൂക്ഷമായി തുടരുന്ന സാമുദായിക സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്‌ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ വസ്‌തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണ അനിവാര്യമാണെന്ന് അമിത് ഷാ വ്യക്‌തമാക്കി. ഗവർണറുടെ നേതൃത്വത്തിലുള്ള സമാധാന സമിതി സംസ്‌ഥാനത്ത് സമാധാനം പുനഃസ്‌ഥാപിക്കാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ സേനയുടെ ആയുധങ്ങൾ മോഷ്‌ടിച്ചവർ ഉടൻ തന്നെ അവ അധികൃതരെ തിരിച്ചേൽപ്പിക്കണമെന്നും അല്ലാത്തപക്ഷം അവർക്കെതിരെ കർശന നടപടി എടുക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി. അതിനിടെ, സംഘർഷത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും അമിത് ഷാ പ്രഖ്യാപിച്ചു. കലാപകാരികളോട് ആയുധം ഉടൻ താഴെ വെക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
80 പേരുടെ മരണത്തിനിടയാക്കിയ കലാപത്തെ കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ആറ് കേസുകൾ സിബിഐയും അന്വേഷിക്കും. സമാധാന ശ്രമത്തിന് ഗവർണറുടെ മേൽനോട്ടത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. കലാപ മേഖലയിലെ സാഹചര്യം വിലയിരുത്താനും ഇടപെടലിനുമായി ആഭ്യന്തര മന്ത്രാലയ സംഘം ക്യാമ്പ് ചെയ്യും. ഭക്ഷ്യക്ഷാമം, വിലക്കയറ്റം എന്നിവ പിടിച്ചു നിർത്താൻ അവശ്യ സാധനങ്ങൾ സർക്കാർ എത്തിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണിപ്പൂർ സന്ദർശനം പൂർത്തിയായി. സന്ദർശനത്തിനിടെ 11 രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായാണ് അദ്ദേഹം സംസാരിച്ചത്. കൂടാതെ, വിവിധ സംഘടനകളുമായും സുരക്ഷാ സേനയുമായും ചർച്ചകൾ നടത്തി. സംഘർഷം നടന്ന മേഖലകളും സന്ദർശിച്ചു. അതിനിടെ, പി ദൗഗലിനെ മണിപ്പൂർ പോലീസ് മേധാവി സ്‌ഥാനത്ത് നിന്ന് നീക്കി. സിആർപിഎഫ് ഐജി രാജീവ് സിംഗിനെ പുതിയ ഡിജിപിയായി നിയമിച്ചു.
Most Read: ഇനിമുതൽ മധ്യവേനലവധി ഏപ്രിൽ ആറുമുതൽ; 210 ദിവസം പ്രവൃത്തി ദിനം