തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളുടെ മധ്യവേനലവധി പുനഃക്രമീകരിച്ചു. ഇനി മുതൽ ഏപ്രിൽ ആറിനായിരിക്കും അവധി ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിൽ ഏപ്രിൽ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസം പഠനത്തിന് വേണ്ടി നീക്കിവെക്കാനാണ് അവധി ദിവസങ്ങളിൽ മാറ്റം വരുത്തിയതെന്ന് മന്ത്രി അറിയിച്ചു. അതേസമയം, ജൂൺ ഒന്നിന് തന്നെ സ്‌കൂളുകൾ തുറക്കും.
മലയിൻകീഴ് സർക്കാർ സ്‌കൂളിൽ പ്രവേശനോൽസവ പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൊണ്ടുവരാനുതകുന്ന വിധം സ്‌കൂൾ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്ളാൻ ഫണ്ടും, ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചിലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കാനായി എട്ടു മുതൽ 12 വരെയുള്ള 45,000 ക്ളാസ് മുറികൾ ഡിജിറ്റൽ സൗഹൃദമാക്കി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ് ഒരുക്കി. ആധുനിക സാങ്കേതികവിദ്യ ക്ളാസ് മുറികളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോർട്ടൽ സജ്‌ജമാക്കി.
അക്കാദമിക രംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി. ഭാഷ, ശാസ്‌ത്രം, സാമൂഹിക ശാസ്‌ത്രം, ഗണിതം തുടങ്ങിയ മേഖലകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്‌റ്റർ പ്ളാൻ തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു. അതേസമയം, അധ്യാപകരുടെ സ്‌ഥാനക്കയറ്റത്തിനായി ഈ ആഴ്‌ച വകുപ്പുതല സ്‌ഥാനക്കയറ്റ കമ്മിറ്റി യോഗം കൂടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്