തിരുവനന്തപുരം: മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിലായി. ജവഹർ നഗർ ചരുവിളാകത്ത് പുത്തൻവീട്ടിൽ കലകുമാർ (57) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 1998ൽ ശാസ്‌തമംഗലത്ത് താമസിച്ചിരുന്ന സൂര്യനാരായണന്റെ വീട്ടിൽ നിന്ന് 36 പവൻ മോഷ്‌ടിച്ച കേസിലാണ് അറസ്‌റ്റ്.
മ്യൂസിയം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് 2000ത്തിലാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും കള്ളനെ പിടികൂടാനായില്ല. സംശയത്തെ തുടർന്ന് കലകുമാറിനെ വിളിച്ചുവരുത്തി വിരലടയാളം ശേഖരിച്ചിരുന്നു. സൂര്യനാരായണന്റെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളവും കലകുമാറിന്റെ വിരലടയാളവും ഒന്നാണെന്ന് വ്യക്‌തമാക്കി റിപ്പോർട് പുറത്തുവന്നപ്പോഴേക്കും ഇയാൾ ഒളിവിൽ പോയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ അറസ്‌റ്റ് ചെയ്‌തതോടെ ജവഹർനഗർ, ശാസ്‌തമംഗലം ഭാഗത്ത് നടന്ന ആറ് മോഷണക്കേസുകൾക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു. സിഐ കെആർ ബിജു, എസ്‌ഐമാരായ ശശിഭൂഷൺ നായർ, ഗോപകുമാർ, എഎസ്‌ഐ മോഹൻലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കലകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: കെഎസ്ആർടിസി; സർക്കാരിനെ വെട്ടിലാക്കി ഭരണാനുകൂല യൂണിയനും സമരത്തിലേക്ക്