വയനാട്: അമ്പലവയലിൽ ഭാര്യയ്‌ക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം 3 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ ഐഡി കാർഡ് ഉൾപ്പെടെയുള്ളവ കണ്ടെത്തിയതോടെയാണ് മൃതദേഹം സനലിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മുഖവും തലയും ട്രെയിൻ ഇടിച്ച് പൂർണമായും വികൃതമായ നിലയിലായിരുന്നു.
ആസിഡ് ആക്രമണത്തിന് ശേഷം സനൽ ബൈക്കിൽ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കണ്ണൂരിലേക്കാണ് പ്രതി രക്ഷപ്പെട്ടതെന്നായിരുന്നു കണ്ടെത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനൽ.
ആക്രമണത്തിന് ഇരയായ നിജിതയും 12 വയസുകാരിയായ മകൾ അളകനന്ദയും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇരുവർക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്. സനലും ഭാര്യയും തമ്മില്‍ കുറച്ചുനാളുകളായി അകന്ന് കഴിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.
Also Read: ബിജെപിയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം; ഭയമുണ്ടെന്ന് കെ സുരേന്ദ്രന്‍