കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ‘ഹരിത’യുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്. സിഎച്ച് അനുസ്‌മരണത്തോട് അനുബന്ധിച്ച് ‘ഹരിത’ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു റുമൈസ.
“പൊതുബോധത്തിന് വിരുദ്ധമായി പാർടിയെടുത്ത നിലപാടുകള്‍ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ലീഗിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരത്തെക്കൂടി അഡ്രസ് ചെയ്‌തു കൊണ്ടായിരിക്കും ഹരിത സംസ്‌ഥാന കമ്മിറ്റിയുടെ ഇനിയുള്ള പ്രവര്‍ത്തനം. അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും ഹരിതയുടെ ഭാഗത്ത് നിന്നുണ്ടാകില്ല,”- റുമൈസ പറഞ്ഞു.
‘സ്‌ത്രീ നവോഥാനത്തിന്റെ നാമ്പുകള്‍’ എന്ന വിഷയത്തിലാണ് ഹരിത സംസ്‌ഥാന കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചത്. പഴയ ഹരിത കമ്മിറ്റി പിരിച്ചുവിട്ട് പുതിയ സംഘം ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ പ്രധാന പരിപാടിയാണിത്.
സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ എംഎസ്എഫ് പ്രസിഡണ്ട് പികെ നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് അവരെ സ്‌ഥാനത്ത് നിന്ന് നീക്കിയത്. തുടർന്ന്, എംഎസ്എഫ് നേതാക്കൾക്ക് എതിരെ പരാതി നൽകുന്നതിൽ നിന്ന് വിട്ടുനിന്ന പ്രവർത്തകരെ ഉൾക്കൊള്ളിച്ച് പുതിയ കമ്മിറ്റി രൂപീകരിക്കുക ആയിരുന്നു.
പിരിച്ചുവിട്ട സംസ്‌ഥാന കമ്മറ്റിയില്‍ ട്രഷററായിരുന്ന പിഎച്ച് ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ പ്രസിഡണ്ട്. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്.
അതേസമയം, മുസ്‌ലിം പെണ്‍കുട്ടികള്‍ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതും കലഹിക്കുന്നതും സിഎച്ച് മുഹമ്മദ് കോയ പകര്‍ന്ന് തന്ന ഊര്‍ജം കൊണ്ടാണെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. സിഎച്ചിന്റെ 38ആം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തഹ്‌ലിയയുടെ പ്രതികരണം.
“മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിച്ചും നയിച്ചും മുന്നേറുന്നത് കാണുമ്പോള്‍, അവകാശങ്ങള്‍ക്കായി കരളുറപ്പോടെ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും വിമ്മിട്ടം തോന്നുന്നുണ്ടെങ്കില്‍ അറിഞ്ഞുകൊള്ളുക ഈ മഹാ മനീഷിയാണ് അതിനുത്തരവാദി,”- തഹ്‌ലിയ പറഞ്ഞു.
‘ഹരിത’ക്ക് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്തു നിന്ന് മാറ്റിയത്. 2016 മുതല്‍ ഹരിതയുടെയും എംഎസ്എഫിന്റെയും മുഖമായി പാർടിയിൽ ഉള്ള വ്യക്‌തിയാണ് ഫാത്തിമ തഹ്‌ലിയ. ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണ് എന്നാണ് ലീഗ് അഭിപ്രായപ്പെട്ടത്.
Most Read: മുഖ്യമന്ത്രിയെ സന്ദർശിച്ച് ഒളിമ്പ്യൻ പിആർ ശ്രീജേഷ്