ന്യൂഡെൽഹി: ദേശിയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പ്രശസ്ത ചിത്രം ‘കോർട്ടി’ലൂടെ ശ്രദ്ധേയനായ നടൻ വീര സാഥിദാർ വിടവാങ്ങി. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആയിരുന്നു മരണം. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്ചയിൽ ഏറെയായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം.
അഭിനേതാവ് എന്നതിന് പുറമെ എഴുത്തിലും സംഗീതത്തിലും പെയിന്റിങ്ങിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു. ശക്തമായ രാഷ്ട്രീയ നിലപാടുകൾ കൈക്കൊണ്ട വ്യക്തി കൂട്ടിയായിരുന്നു അദ്ദേഹം. 1960ൽ നാഗ്പൂരിൽ ആയിരുന്നു ജനനം.
ഇന്ത്യൻ നിയമ വ്യവസ്ഥയെ കുറിച്ച് അതിശക്തമായി സംസാരിച്ച ചിത്രമായിരുന്നു 2014ൽ ചൈതന്യ തംഹാനെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കോർട്ട്’. നാരായൺ കാംബ്ളെ എന്ന ഗായകനെതിരെയുള്ള കേസ് വിസ്താരത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആ വേഷം വീര സാഥിദാറിൽ ഭദ്രമായിരുന്നു. മികച്ച നിരൂപക പ്രശംസയാണ് ചിത്രത്തിലെ മികവുറ്റ പ്രകടനത്തിലൂടെ അദ്ദേഹം നേടിയത്.
മാത്രവുമല്ല ആ വർഷത്തെ മികച്ച സിനിമക്കുള്ള ദേശിയ പുരസ്കാരം നേടിയ ചിത്രം ഓസ്കാറിനായി നാമനിർദേശവും ചെയ്യപ്പെട്ടിരുന്നു. കൂടാതെ വെനീസ്, സിംഗപ്പൂർ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം നിരവധി അവാർഡുകൾ നേടിയിരുന്നു.
Read Also: മന്ത്രി കെടി ജലീൽ രാജിവച്ചു































