കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകാൻ ദിലീപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നതിനാൽ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്‌ത് വിട്ടയക്കുക എന്നതാകും നടപടി.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയോ, മുഖ്യപ്രതിയുമായുളള ദിലീപിന്റെ അടുപ്പം എന്നിവ സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവർ നൽകിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാമാണ് ദിലീപിൽ നിന്ന് ചോദിച്ചറിയാനുള്ളത്.
ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി രേഖകളുമുണ്ടെന്ന് ഹാക്കറുടെ മൊഴി പുറത്ത് വന്നിരുന്നു. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞെന്നാണ് ഹാക്കർ സായ് ശങ്കറിന്റെ മൊഴിയിൽ പറയുന്നത്. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്റെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചത് ആരാണെന്നതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദിലീപിന്റെ രണ്ട് ഫോൺ താൻ കോപ്പി ചെയ്‌ത് നൽകിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ. മറ്റൊരു വാട്‍സ്ആപ്പ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ദിലീപ് ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ അദ്ദേഹം അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്‌തു വച്ചെന്നും ഹാക്കറുടെ മൊഴിയിലുണ്ട്. എന്നാൽ ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കർ ഉത്തരം നൽകിയിട്ടില്ല.
സായ് ശങ്കറിന്റെ ലാപ്ടോപ്പ് പരിശോധന നടത്തിയപ്പോൾ കോടതി രേഖകളിൽ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷി മൊഴികളടക്കമുള്ള രേഖകളാണിത്. ഹാക്കറുടെ കൈവശം ദിലീപിന്റെ ഫോണിലെ കൂടുതൽ കോടതി രേഖകളുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. എന്നാൽ ഇയാൾ ഒളിവിലായതിനാൽ ഇവ കണ്ടെത്താനായിട്ടില്ല.
കോടതിയിൽ നിന്ന് അഭിഭാഷകർക്ക് പകർപ്പ് എടുക്കാൻ കഴിയാത്ത രേഖകളും ദിലീപിന്റെ ഫോണിൽ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചു നൽകി എന്നതിൽ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ കൈമാറാൻ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകൾ എത്തിയതെന്നും സംശയിക്കുന്നുണ്ട്.
Most Read: സഹവർത്തിത്വം; ആരാധനാ മന്ദിരങ്ങൾക്ക് നിര്‍ണായകപങ്ക്; മന്ത്രി പിഎ മുഹമ്മദ് റിയാസ്