കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട് ഇന്ന് കോടതിക്ക് കൈമാറി. വിചാരണ കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചത്. കേസ് ഈ മാസം 21ന് പരിഗണിക്കാൻ കോടതി മാറ്റി വെച്ചു.
തുടരന്വേഷണത്തിന് കൂടുതൽ സമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നീ ആവശ്യങ്ങൾ 21ന് പരിഗണിക്കും. മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ അന്വേഷണ വിവരം കൈമാറിയെന്ന പരാതിയില്‍ എഡിജിപി എസ് ശ്രീജിത്ത് വിശദീകരണ റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിൽ കോടതി അതൃപ്‌തി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസ് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോർട്ടിന്റെ കോപ്പി-പേസ്‌റ്റ് ആണിതെന്ന് കോടതി കുറ്റപ്പെടുത്തി.
ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എസ് ശ്രീജിത്ത് ഇന്ന് വിശദീകരണം നല്‍കിയത്.
തുടരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നല്‍കിയ സമയപരിധി അവസാനിച്ചെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല. സൈബർ വിദഗ്‌ധൻ സായ് ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്‌ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവർക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
Most Read: പോലീസ് സ്‌റ്റേഷനുകളിലും ഫുഡ് ബാങ്ക് ഫ്രിഡ്‌ജ്; പദ്ധതി വിജയകരം