കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന വ്യവസ്‌ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, രണ്ടു ആൾജാമ്യം, ഒരുലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് ജാമ്യ വ്യവസ്‌ഥകൾ.
ജാമ്യവ്യവസ്‌ഥയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഒരാഴ്‌ചക്കുള്ളിൽ ഇക്കാര്യം തീരുമാനിക്കണം എന്നായിരുന്നു നിർദ്ദേശം. തുടർന്ന് പൾസർ സുനിയുടെ അഭിഭാഷകൻ സുപ്രീം കോടതി ഉത്തരവ് ഇന്നലെ വിചാരണാ കോടതിയിൽ സമർപ്പിച്ചു.
സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ സംസ്‌ഥാന സർക്കാർ ഇതിനെ ശക്‌തമായി എതിർത്തിരുന്നു. എന്നാൽ, വിചാരണ അനന്തമായി നീണ്ടുപോകുന്നതും അന്വേഷണ ഉദ്യോഗസ്‌ഥനെ 87 ദിവസം വിസ്‌തരിച്ചതും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അടുത്തൊന്നും വിചാരണ തീരാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ നടി കാറിൽ ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ് കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന നടിയുടെ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ചു നിർത്തുകയും പൾസർ സുനിയും സംഘവും കാറിനുള്ളിൽ കയറി നടിയെ ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ആയിരുന്നു. നെടുമ്പാശേരി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി റിമാൻഡിലാണ്.
Most Read| ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് കിരീടം ചൂടി ധ്രുവി പട്ടേൽ