ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് വേണ്ടിയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്‌ച ഡെൽഹിയിൽ നടന്ന കൂടിക്കാഴ്‌ച്ചക്ക് പിന്നാലെയാണ് നിതീഷ് കുമാറിന്റെ പ്രതികരണം.
നിയമ നിർമാണങ്ങൾ കർഷകർക്ക് എതിരല്ല മറിച്ച് അവരുടെ താൽപര്യ പ്രകാരമാണെന്നും ബിഹാർ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടാതെ മൂന്ന് നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷക യൂണിയനുകളുമായി ചർച്ച നടത്തിയ കേന്ദ്രം ശരിയായ പാത തിരഞ്ഞെടുത്തുവെന്നും നിതീഷ് പറഞ്ഞു. പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്നും ജനതാദൾ (യുണൈറ്റഡ്) നേതാവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നവംബറിൽ മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള നിതീഷ് കുമാറിന്റെ ആദ്യ കൂടിക്കാഴ്‌ച കൂടിയാണ് ഇന്ന് നടന്നത്.
അതേസമയം കേന്ദ്ര സർക്കാരിന്റെ മൂന്ന് നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷകരുടെ സമരം രാജ്യത്ത് തുടരുകയാണ്. ആയിരക്കണക്കിന് കർഷകരാണ് രണ്ട് മാസത്തിലേറെയായി രാജ്യാതിർത്തിയിൽ പ്രതിഷേധിക്കുന്നത്. നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലാണ് കർഷകർ.
Read Also: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി ഉയർത്തി