ന്യൂഡെൽഹി: കർഷക സമരം രാജ്യത്ത് ശക്‌തമാകവേ നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി. സർക്കാർ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് കാർഷിക മേഖലയിലെ ഇപ്പോഴത്തെ പുരോഗതിക്ക് കാരണം. അതിനാൽ കൂടുതൽ പരിഷ്‌കരണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ചൌരി ചൌരാ സമര ദിനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആറ് വർഷക്കാലം സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലം ഇതിനകം കാർഷിക മേഖലയിൽ കണ്ട് തുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ ധാന്യ സംഭരണികൾ ഇപ്പോൾ നിറഞ്ഞ് കവിയുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എപിഎംസി മണ്ടികളുടെ കാര്യം സൂചിപ്പിച്ച പ്രധാനമന്ത്രി കാർഷിക നിയമങ്ങൾ ദദ്ദാക്കുവാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സൂചിപ്പിച്ചു. കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ആറാം തീയതി കർഷകർ പ്രഖ്യാപിച്ച സമരത്തെ നേരിടാൻ രാജ്യവ്യാപകമായി വിപുലമായ സംവിധാനങ്ങൾ ഒരുക്കാൻ ആഭ്യന്തരമന്ത്രാലയം നടപടികൾ തുടങ്ങി. ഡെൽഹിയിലെ അതിർത്തി മേഖലകളിൽ അടക്കം സായുധരായ അധിക അർധ സൈനിക സുരക്ഷാ സംവിധാനത്തെ വിന്യസിക്കാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. സമരകേന്ദ്രങ്ങൾ കൂടി ഉൾപ്പെടുന്ന ഡെൽഹി എൻസിആർ മേഖലയിൽ രണ്ടാഴ്‌ചത്തേക്ക് കൂടി 47 കമ്പനി കേന്ദ്രസേന തുടരും.
Read also: വിദ്വേഷ പ്രചരണം; കങ്കണയുടെ ട്വീറ്റുകൾ നീക്കം ചെയ്‌തു