പത്തനംതിട്ട: കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി പ്രതി കെആർ പത്‌മകുമാർ. മകൾക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകി.
പ്ളസ് ടുവിന് കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക്, വിദേശത്ത് നഴ്‌സിങ് അഡ്‌മിഷന് സീറ്റ് വാങ്ങി നൽകാൻ ഒഇടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് റെജി വാക്ക് നൽകിയെന്നും ഇതിനായി അഞ്ചുലക്ഷം രൂപ നൽകിയെന്നും പ്രതി പറയുന്നു. വാക്ക് പാലിച്ചില്ലെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ട് അഞ്ചുലക്ഷം രൂപ റെജി തിരികെ നൽകിയില്ലെന്നും കെആർ പത്‌മകുമാർ ചോദ്യം ചെയ്യലിൽ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തിൽ പങ്കുള്ളതെന്നും ഭാര്യക്കും മകൾക്കും പങ്കില്ലെന്നും കെആർ പത്‌മകുമാർ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഒരു ക്വട്ടേഷൻ സംഘത്തിന്റെ സഹായവും ലഭിച്ചുവെന്നാണ് പോലീസിന്റെ സംശയം. സംഘത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെജിയുടെ വീട്ടിലെത്തി പണം തിരികെ ചോദിച്ചിരുന്നു. പണം ലഭിക്കാതെ വന്നപ്പോഴാണ് പ്രതികാര നടപടിയായി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്‌തത്.
ഇതിന് ഭാര്യ തയ്യാറാകാതെ വന്നപ്പോൾ വീടിന് ജപ്‌തി ഭീഷണിയുണ്ടെന്നും ആത്‍മഹത്യ ചെയ്യുമെന്നും കെആർ പത്‌മകുമാർ ഭീഷണിപ്പെടുത്തി. പിന്നീട് തട്ടിക്കൊണ്ടു പോകലിന് സഹായിക്കാൻ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തി. ഈ ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്. രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടുപോയി പണം ചോദിക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ, ആൺകുട്ടി പ്രതിരോധിച്ചു രക്ഷപ്പെട്ടു. ഇതോടെയാണ് വിവരം പുറത്തായത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി റെജിയെ ഭീഷണിപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. രണ്ടു കുട്ടികളെയും കുറച്ചു ദിവസം നിരീക്ഷിച്ചിരുന്നുവെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്ക് വരുന്നതിനിടെ വാഹനത്തിൽ വെച്ച് പോലീസിന് നൽകിയ മൊഴിയിലാണ് കെആർ പത്‌മകുമാർ ഇക്കാര്യം പറഞ്ഞത്.
കെആർ പത്‌മകുമാറിനു ചിറക്കരയിൽ ഫാം ഉള്ളതായി നാട്ടുകാർ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ ചിറക്കര ഭാഗത്തേക്ക് പോയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പത്‌മകുമാറിന്റെ മൂന്ന് കാറുകൾ പിടികൂടിയതായാണ് വിവരം. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്‌ഥയിലായിരുന്ന പത്‌മകുമാർ അടുത്തിടെ ബുദ്ധിമുട്ടിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. തമിഴ്‌നാട്ടിലും ഇദ്ദേഹത്തിന് ഇടപാടുകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
Most Read| നവകേരള സദസ്; മുഖ്യമന്ത്രി വരുന്നദിവസം ഗ്യാസ് ഉപയോഗിച്ചു പാചകം പാടില്ല- വിചിത്ര ഉത്തരവ്