പാലക്കാട്: മുഖ്യമന്ത്രിയുടെ നവകേരള സദസിനോട് അനുബന്ധിച്ചുള്ള വിളംബര ജാഥയിൽ അധ്യാപകർ പങ്കെടുക്കണമെന്ന് നിർദ്ദേശം. നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടേതാണ് ഉത്തരവ്. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും പഞ്ചായത്തിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കാനാണ് നിർദ്ദേശം. എന്നാൽ, സംഭവം വിവാദമായതോടെ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് നിർദ്ദേശമെന്ന് അധികൃതർ വിശദീകരണം നൽകി.
രണ്ടു മണിക്ക് പരിപാടിയിൽ പങ്കെടുക്കണമെന്ന നിർദ്ദേശം വന്നതോടെ കുട്ടികളുടെ പഠനം മുടങ്ങുമെന്ന് കാണിച്ചു അധ്യാപക സംഘടനകൾ പ്രതിഷേധം അറിയിച്ചതോടെയാണ് നിലപാട് തിരുത്തിയത്. ഉച്ചക്ക് വരുന്നതിന് പകരം വൈകിട്ട് നാല് മണിക്ക് എത്തിയാൽ മതിയെന്നാക്കി ഉത്തരവ് തിരുത്തുകയായിരുന്നു. നവകേരള സദസിനു അഭിവാദ്യമർപ്പിക്കാൻ സ്‌കൂൾ കുട്ടികളെ റോഡിലിറക്കിയതും വൻ വിവാദമായിരുന്നു.
ഇതിനെതിരായ ഉപഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുട്ടികളെ കാഴ്‌ചവസ്‌തുക്കൾ ആക്കാൻ പാടില്ലെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ തവണ വിമർശിച്ചിരുന്നു. എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹെഡ് മാസ്‌റ്റർമാർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കോടതി വിമർശിച്ചിരുന്നു. നവകേരളാ സദസിൽ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന സർക്കാരിന്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഉപഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.
Most Read| കൊവിഡ് കേസുകളിൽ നേരിയ വർധന; പരിശോധന ഉറപ്പാക്കാൻ പൊതുനിർദ്ദേശം