തിരുവനന്തപുരം: സംസ്‌ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ് ഉണ്ടായതിന്റെ പശ്‌ചാത്തലത്തിൽ പൊതു നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. കൊവിഡ് ലക്ഷണങ്ങളോടെ ചികിൽസ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനയാണ് പ്രതിദിന കേസുകളിൽ ഈ മാസം റിപ്പോർട് ചെയ്‌തത്.
20 മുതൽ 30 വരെ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട് ചെയ്‌തത്. ഇതിൽ കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണവും നേരിയ തോതിൽ കൂടിയിട്ടുണ്ട്. അതേസമയം, ചൈനയിൽ അജ്‌ഞാത വൈറസ് വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചൈനയിലെ വൈറസ് ഇന്ത്യയിൽ നിലവിൽ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് അറിയിച്ചിട്ടുണ്ട്.
മുൻകരുതൽ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെന്റിലേറ്ററുകളും സജ്‌ജമാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധനാ കിറ്റുകളും ശേഖരിച്ചു വെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, ചൈനയിലെ വൈറസ് വ്യാപന പശ്‌ചാത്തലത്തിൽ അഞ്ചു സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. തമിഴ്‌നാട്, രാജസ്‌ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ, വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.ചൈനയിൽ ന്യുമോണിയ ബാധിച്ചു നൂറുകണക്കിന് കുഞ്ഞുങ്ങൾ ചികിൽസ തേടിയിരുന്നു. പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ നിഗൂഢ ന്യുമോണിയ ചൈനയിലെ സ്‌കൂൾ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്. എന്നാൽ, പുതിയ വൈറസ് മൂലമല്ല രോഗബാധിയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു.
Most Read| ഡീപ് ഫേക്കുകൾ തടയിടാൻ കേന്ദ്രം; ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശം